തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജില്ലയിൽ നടക്കുന്നത് 16 കേന്ദ്രങ്ങളിൽ. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക്  പഞ്ചായത്ത് അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വീതമാണുള്ളത്. ഇവിടങ്ങളിൽനിന്നുതന്നെയാണ് വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും വിതരണം ചെയ്യുന്നതും.
തിരുവനന്തപുരം കോർപ്പറേഷന്റെ വോട്ടെണ്ണൽ നടക്കുന്നത് നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയയിലാണ്. വർക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ വർക്കല മുനിസിപ്പൽ ഓഫിസിലും നെയ്യാറ്റിൻകരയിലേത് നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. ആറ്റിങ്ങൽ മുനസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ നടക്കുന്നത് ആറ്റിങ്ങൽ മുനസിപ്പൽ ഓഫിസിലാണ്. മഞ്ച ബി.എച്ച്.എസിലാണ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ.
പാറശാല ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ വോട്ടെണ്ണൽ പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
മറ്റു ബ്ലോക്കുകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ
പെരുങ്കടവിള – മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിയന്നൂർ – നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്, പോത്തൻകോട് – കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, നേമം – മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം. ഹയർ സെക്കൻഡറി സ്‌കൂൾ, വെള്ളനാട് – ജി. കാർത്തികേയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ വെള്ളനാട്, വർക്കല – വർക്കല ശിവഗിരി എസ്.എൻ. കോളജ്, ചിറയിൻകീഴ് – ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, കിളിമാനൂർ – കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസ്, വാമനപുരം – വെഞ്ഞാറമ്മൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, നെടുമങ്ങാട് – നെടുമങ്ങാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്നലെ ആരംഭിച്ചു. റിട്ടേണിങ് ഓഫിസർമാർക്കാണു യന്ത്രങ്ങൾ നൽകുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ വിതരണ നടപടിക്രമങ്ങൾ വിലയിരുത്തി. ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ വിനയ് ഗോയൽ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.