നവകേരള സൃഷ്ടിയെന്ന ആശയത്തിന് ശക്തിപകരാന്‍ ജില്ലാ സാക്ഷരതാ മിഷനും. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലൂടെ സാക്ഷരരായ അയ്യായിരത്തിലധികം ആദിവാസികളെ സാക്ഷരരായി പ്രഖ്യാപിക്കും. അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വയനാട് ആദിവാസി സാക്ഷരതാ പദ്ധതി പ്രകാരം ജില്ലയിലെ 283 പണിയ കോളനികളില്‍ നിന്നായി 5,283 പേര്‍ ഏപ്രില്‍ 22ന് വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതും. 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിന് വകയിരുത്തിയിരിക്കുന്നത്. നിലവില്‍ ജില്ലയിലെ ആദിവാസി സാക്ഷരത 71.5 ശതമാനമാണ്. ഇത് 85 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. 566 ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതില്‍ 283 പേര്‍ ബന്ധപ്പെട്ട കോളനികളിലെ അഭ്യസ്തവിദ്യരും ശേഷിക്കുന്നവര്‍ കോളനിയിലോ സമീപപ്രദേശങ്ങളിലോ ഉള്ളവരുമാണ്. ഒരാള്‍ സംഘാടനത്തിനും മറ്റൊരാള്‍ ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നു. ജനപ്രതിനിധികള്‍,ജില്ലാ കലക്ടര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായ കര്‍മസമിതിയുടെ മേല്‍നോട്ടത്തിലാണ് ആദിവാസി സാക്ഷരതാ പ്രവര്‍ത്തനം. പട്ടികജാതി-വര്‍ഗ മേഖലകളില്‍ സാക്ഷരതാ പ്രവര്‍ത്തകരെ വിന്യസിച്ച് തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനം ശക്തമാക്കാനാണ് സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നത്.

സമഗ്ര, നവചേതന
പുതിയ പദ്ധതിയുമായി ജില്ലാ മിഷന്‍

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷിക ദിനത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ പുതിയ പദ്ധതിയുമായി രംഗത്ത്. അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുന്ന പദ്ധതി പട്ടികജാതി കോളനിയില്‍ നവചേതന എന്ന പേരിലും പട്ടികവര്‍ഗ കോളനികളില്‍ സമഗ്ര എന്ന പേരിലുമാണ് നടപ്പാക്കുക. ‘സമഗ്ര നവചേതന’ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനവും സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണവും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി അധ്യക്ഷത വഹിച്ചു. സാക്ഷരതയുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ റിട്ട. പ്രഫസര്‍മാരായ മോഹന്‍ ബാബു, രാമന്‍കുട്ടി എന്നിവര്‍ ക്ലാസെടുത്തു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു ആദിവാസി സാക്ഷരതാ പദ്ധതി അവലോകന റിപോര്‍ട്ട് അവതരിപ്പിച്ചു. ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ഓണറേറിയം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പി ജോസഫ്, പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ കോളനി മൂപ്പനും ഇന്‍സ്ട്രക്ടറുമായ രാധാകൃഷ്ണന് നല്‍കി നിര്‍വഹിച്ചു. സമഗ്ര നവചേതനാ പദ്ധതി പാഠപുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ എ ദേവകി, വെങ്ങപ്പള്ളി പഞ്ചായത്തിലെ ശ്രീജയ്ക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍ സാക്ഷരതാ മിഷന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണി, കെ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ആദിവാസി സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ സംബന്ധിച്ചു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ പി എന്‍ ബാബു സ്വാഗതവും എം കെ സ്വയ നന്ദിയും പറഞ്ഞു.