ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും 2018-2019 വര്‍ഷത്തെ ഭവനനിര്‍മാണ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമായി കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. പാതിവഴിയിലായ ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രവര്‍ത്തന പുരോഗതി അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവില്‍ 9,666 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്. വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ച് 3,034 വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന വീടുകള്‍ മെയ് 31 നുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നു സംസ്ഥാന ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ ബിനു ഫ്രാന്‍സിസ് നിര്‍ദേശിച്ചു. വനമേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഭവനനിര്‍മാണത്തിന് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ പരിഹാരത്തിന് മേലധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യാം. ഗുണഭോക്തൃ സംഗമം വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. സുതാര്യത ഉറപ്പുവരുത്തേണ്ടത് നിര്‍വഹണ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. സ്ഥലപരിശോധന നടത്താന്‍ വേണ്ടിവരുന്ന ചെലവ് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് എടുക്കാമെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്ന് മെയ് 15 നുള്ളില്‍ ഗുണഭോക്തൃ സംഗമം നടത്തുകയും പെര്‍മിറ്റിനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യണമെന്നു തീരുമാനിച്ചു. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ ബിനു ഫ്രാന്‍സിസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ കെ.പി ജോസഫ്, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി.സി മജീദ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി തല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.