ടൂറിസ്റ്റുകളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും നമ്മുടെ നാട് കാണാനെത്തുന്നവരോട് അസഹിഷ്ണുത കാട്ടാന്‍ പാടില്ലെന്നും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസത്തെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണം. ആ തലത്തിലേക്ക് ടൂറിസം മേഖല വളര്‍ത്താനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരിച്ച ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സമയത്തും ഏതൊരു ടൂറിസ്റ്റിനും വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്താന്‍ കഴിയണം.
കേരളത്തിലെത്തിയ വിദേശ വനിതയുടെ മരണം ടൂറിസം മേഖലക്ക് തീരാകളങ്കമായി. ഇത്തരം ദുരനുഭവങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാകാന്‍ പാടില്ല. അതിനായി ടൂറിസം രംഗത്ത് കര്‍ശന നിയമങ്ങളും നടപടികളും ഉണ്ടാകും. അതിഥികളെ ഈശ്വരനു തുല്യം കാണുന്ന പാരമ്പര്യമാണ് മലയാളിക്കുള്ളത്. അത്തരത്തില്‍ ടൂറിസം സംസ്‌കാരം വളര്‍ത്തിയെടുക്കണം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയാകുമ്പോള്‍ വിനോദസഞ്ചാരികളുടെ പറുദീസയായി പാഞ്ചാലിമേട് മാറുമെന്ന് മന്ത്രി പറഞ്ഞു. പാഞ്ചാലിമേടിന്റെ സൗന്ദര്യത്തെ നാടിന് മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. ഗ്രാമഞ്ചായത്ത് മുന്‍കൈയെടുത്ത് ഹോംസ്റ്റേകള്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
പളനി- മൂന്നാര്‍ മുറിഞ്ഞപുഴ-പാഞ്ചാലിമേട്-എരുമേലി-ശബരിമല വഴിയുള്ള പളനി-ശബരി പുതിയ ദേശീയപാത വരുന്നതോടെ പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിന് കൂടുതല്‍ പ്രയോജനമേകുമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. ഇക്കോഷോപ്പ് പോലെയുള്ളവ തുറക്കുന്നതിലൂടെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്വ് സമ്മാനിക്കാന്‍ ടൂറിസം മേഖലക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രദേശത്തിന്റെ മുഴുവന്‍ വികസനത്തിനുതകുന്ന വിനോദസഞ്ചാരമേഖലക്ക് പൊതുജനങ്ങളുടെ കൂട്ടായ സഹകരണം ആവശ്യമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളെ തകര്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും എം.എല്‍.എ പറഞ്ഞു.
പാഞ്ചാലിമേട് പദ്ധതി നടപ്പാക്കാന്‍ മുന്‍കൈ എടുത്ത ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപഹാരം നല്‍കി.
അഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുലേഖ, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, ജില്ലാപഞ്ചായത്തംഗം മോളി ഡൊമിനിക്, ബ്ലോക്ക്പഞ്ചായത്തംഗം സന്ധ്യാമോള്‍ സുബാഷ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്യാമള മോഹനന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍.പി.വിജയന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ഷൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.