പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ 10 സ്ഥലങ്ങള്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ജില്ലാ ഭരണകേന്ദ്രം നിശ്ചയിച്ചു. പൊതുയോഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ച് ഈ സ്ഥലങ്ങളില്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും ജില്ലാഭരണകേന്ദ്രം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിച്ചു.

നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പൊതുയോഗങ്ങള്‍ നടത്തേണ്ട സ്ഥലങ്ങള്‍ ചുവടെ:

തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, തിരുവല്ല മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജ്.
റാന്നി നിയോജക മണ്ഡലം:- റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.
ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയം.
കോന്നി നിയോജക മണ്ഡലം:- കോന്നി മാര്‍ക്കറ്റ് ഗ്രൗണ്ട്, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം.
അടൂര്‍ നിയോജക മണ്ഡലം:-അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം, പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്.

ഈ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണു യോഗങ്ങള്‍ നടക്കുന്നതെന്ന് അതാത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കും. കോവിഡ് പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തും.