പത്തനംതിട്ട: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടപടികളും വിശദീകരിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 10,36,488 വോട്ടര്‍മാരാണ് പത്തനംതിട്ട ജില്ലയിലുള്ളത് . ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷന്‍മാരും നാല് ട്രാന്‍സ് ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവും. ആറന്മുളയില്‍ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്.
തിരുവല്ല നിയോജക മണ്ഡലത്തില്‍ 1,09,218 സ്ത്രീകളും 99,490 പുരുഷന്‍മാരും ഉള്‍പ്പടെ 2,08,708 വോട്ടര്‍മാരും, അടൂര്‍ നിയോജക മണ്ഡലത്തില്‍ 1,08,567 സ്ത്രീകളും 95,168 പുരുഷന്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,0,3737 വോട്ടര്‍മാര്‍ ഉണ്ട്.

കോന്നി നിയോജക മണ്ഡലത്തില്‍ 1,05,769 സ്ത്രീകളും 94,441 പുരുഷന്‍മാരും ഉള്‍പ്പെടെ 2,00,210 വോട്ടര്‍മാരും റാന്നി നിയോജക മണ്ഡലത്തില്‍ 98,451 സ്ത്രീകളും 92,016 പുരുഷന്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 1,90,468 വോട്ടര്‍മാരുമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിലാകും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കേണ്ടവര്‍ക്ക് നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് ഒന്‍പത് വരെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയില്‍ ഉള്ളത് 1530 ബൂത്തുകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1077 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണം കൂട്ടിയത്. 453 ഓക്സിലറി ബൂത്തുകളാണ് പുതിയതായി സജ്ജീകരിക്കുന്നത്. ഏഴു സ്ഥലങ്ങളില്‍ താല്‍ക്കാലിക ബൂത്തുകളും സജ്ജമാക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പോളിംഗ് ബൂത്തിലേക്ക് കടക്കാന്‍ പ്രത്യേകം ക്യൂ ഉണ്ടായിരിക്കും. തറയില്‍ പ്രത്യേകം മാര്‍ക്കുകള്‍ അടയാളപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകളില്‍ പ്രത്യേകം അടയാളങ്ങള്‍ രേഖപ്പെടുത്തും. പോളിംഗ് സ്റ്റേഷനിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേകം കവാടം ഒരുക്കും. എന്‍സിസി, എന്‍എസ്എസ്, സിവില്‍ ഡിഫന്‍സ് എന്നീ വോളണ്ടിയര്‍മാരുടെ സേവനവും ഉണ്ടാകും.
കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ 171 പ്രശ്നബാധിത ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്.

പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം (എസ് എസ് ടി), ഫ്ളൈയിംഗ് സ്‌ക്വാഡ് (എഫ്.എസ്), ആന്റി ഡീ ഫെയ്സ്മെന്റ് സ്‌ക്വാഡ് (എ ഡി എസ് ), വീഡിയോ സര്‍വെയ്ലന്‍സ് ടീം (വി എസ് ടി), വീഡിയോ വ്യൂയിംഗ് ടീം (വിവിടി) എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. ആകെ 45 ടീമുകളെയാണ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനായി ഇത്തവണ ജില്ലയില്‍ 2054 ബാലറ്റ് യൂണിറ്റും 2015 കണ്‍ട്രോള്‍ യൂണിറ്റും 2170 വിവിപാറ്റ് മെഷീനുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് ജില്ലയില്‍ 10 സ്ഥലങ്ങളാണ് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, തിരുവല്ല മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജ്.
റാന്നി നിയോജക മണ്ഡലം:- റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.

ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയം.
കോന്നി നിയോജക മണ്ഡലം:- കോന്നി മാര്‍ക്കറ്റ് ഗ്രൗണ്ട്, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം.
അടൂര്‍ നിയോജക മണ്ഡലം:-അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം, പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്.

നിലവില്‍ ജില്ലയില്‍ 80 വയസിന് മുകളിലുള്ള 38,696 പേരും, ഭിന്നശേഷിക്കാരായ 14,671 പേരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഭിന്നശേഷിക്കാരായിട്ടുള്ള ആളുകള്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വനമേഖലയിലുള്ളവര്‍ക്ക് വേണ്ടി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക ബോധവത്കരണ കാമ്പയിന്‍ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്.