കേരളത്തില്‍ അക്രമണങ്ങളും അരക്ഷിതാവസ്ഥയും ഇല്ലാത്തതിന്റെ പ്രധാന കാരണം ഭൂപരിഷ്‌കരണ നിയമമാണെന്ന് പി. ഉണ്ണി എംഎല്‍എ. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ‘നവകേരളം 2018’ന്റെ ഭാഗമായി സംഘടിപ്പിച്ച ‘പാലക്കാടിന്റെ പൈതൃക തനിമ’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാടിന്റെ ഏറ്റവും വലിയ അനുഗ്രഹമായ ഭാരതപ്പുഴ വീണ്ടെടുക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാടിന്റെ സംസ്‌കൃതി സംരക്ഷിക്കാന്‍ പ്രാദേശിക മ്യൂസിയം അനിവാര്യമാണെന്ന് സെമിനാറില്‍ വിഷയാവതരണം നടത്തിയ സ്വാതി തിരുന്നാള്‍ മ്യൂസിയം മുന്‍ ഡയറക്ടര്‍ ഡോ. എം.ജി. ശശിഭൂഷണ്‍ പറഞ്ഞു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന ചരിത്രവസ്തുകളില്‍ നിന്ന് തെരഞ്ഞെടുത്തവയെങ്കിലും സൂക്ഷിക്കാന്‍ കഴിയുന്ന മ്യൂസിയം ഒരുക്കണം. കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവിടെ നിന്ന് മാറ്റുമ്പോള്‍ ഇവിടം പ്രാദേശിക മ്യൂസിയമാക്കാവുന്നതാണെന്ന നിര്‍ദ്ദേശം അദ്ദേഹം സെമിനാറില്‍ മുന്നോട്ട് വെച്ചു. കേരളത്തിന്റെ പുരോഗതിക്ക് കാരണം കേരളത്തിലെ നവോത്ഥാന നായകരുടെ ദീര്‍ഘവീക്ഷണത്തെ ഭരണകര്‍ത്താകള്‍ അംഗീകരിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോ. സി.പി ചിത്രഭാനു, എഴുത്തുകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍, ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സെക്രട്ടറി എ.കെ. ചന്ദ്രന്‍കുട്ടി എന്നിവരും സംസാരിച്ചു.