സ്‌കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞ് ഏകദിന ഗൃഹസന്ദർശന പരിപാടി നടത്തി. സി കെ ശശീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ കൽപ്പറ്റ നാരങ്ങാക്കണ്ടി കോളനിയിൽ പ്രചാരണ പരിപാടി നടത്തി. സ്‌കൂൾ പ്രവേശനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ മിനി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.ദേവകി, മുനിസിപ്പൽ ചെയർപേഴ്‌സൺ സനിതാ ജഗദീഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ എം.ബാബുരാജൻ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഹണി.ജി.അലക്‌സാണ്ടർ, ഐ.ടി.ഡി.പി എ.പി.ഒ ബെന്നി ജോസഫ്, കൽപ്പറ്റ എ.ഇ.ഒ രവീന്ദ്രൻ, എസ്എസ്എ പ്രോഗ്രാം ഓഫിസർ എം.ഒ സജി, വൈത്തിരി ബി.പി.ഒ ഷിബു തുടങ്ങിയവർ പങ്കെടുത്തു. മുട്ടിൽ പഞ്ചായത്തിലെ എടത്തിൽ, ഊരുകണ്ടി കോളനിയിൽ ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ജില്ലാ കലക്ടർ എസ് സുഹാസിന്റെ ഗൃഹസന്ദർശന പരിപാടി നെല്ലാറച്ചാൽ ഗവ. ഹൈസ്‌കൂൾ കേന്ദ്രീകരിച്ചായിരുന്നു. മുൻകാലങ്ങളിൽ സ്‌കൂളിൽ നിന്നു കൊഴിഞ്ഞുപോയ കുട്ടികളുടെ ലിസ്‌റ്റെടുത്ത് കാട്ടുനായ്ക്ക കുടുംബങ്ങൾ മാത്രം താമസിക്കുന്ന നെല്ലാറച്ചാൽ മോഡൽ കോളനിയിലെത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്ദേശം കൈമാറി. തൊട്ടടുത്ത പണിയ കോളനിയിലും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി. ഒമ്പതാംതരത്തിൽ പഠനം നിർത്തി ഈ കോളനിയിൽ കഴിയുകയായിരുന്ന വിദ്യാർഥിയെ കല്ലൂർ രാജീവ്ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ചേർക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഐടിഡിപി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പഠനം മുടങ്ങിയ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ തിരിച്ചെത്തിക്കണമെന്നു ജില്ലാ കലക്ടർ നെല്ലാറച്ചാൽ സ്‌കൂൾ ഹെഡ്മാസ്റ്ററോട് നിർദേശിച്ചു. ഇതേ മാതൃകയിൽ സർക്കാർ ഉദ്യോഗസ്ഥരും വകുപ്പു മേധാവികളും തൊട്ടടുത്ത കോളനികൾ സന്ദർശിച്ച് കൊഴിഞ്ഞുപോയ കുട്ടികളെ സ്‌കൂളിലെത്തിക്കണമെന്നു കലക്ടർ ആവശ്യപ്പെട്ടു.
തോട്ടംമേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും വിവിധ സംഘങ്ങളെത്തി. ഡ്രോപ്ഔട്ട് ഫ്രീ വയനാട് പദ്ധതിയോടനുബന്ധിച്ചാണ് ഗൃഹസന്ദർശന പരിപാടി. സ്‌കൂൾ തലത്തിൽ ഇന്നലെ കാമ്പയിൻ തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റുമാരും വാർഡ് മെംബർമാരും നേതൃത്വം നൽകി. ഡ്രോപ്ഔട്ട് ഫ്രീ വയനാട് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് നീക്കിവച്ചത്. ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാര്യക്ഷമമായി നടക്കുമ്പോഴും ഒരു വിഭാഗം കുട്ടികൾ അകന്നുപോവുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ. ത്രിതല പഞ്ചായത്തുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ എസ്എസ്എ മുൻകൈയെടുത്താണ് സമ്പൂർണ വിദ്യാലയ പ്രവേശനം ലക്ഷ്യത്തിലെത്തിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളിൽ പൂതാടി- പെരിയനാട് കോളനി, പുൽപ്പള്ളി- കരിമം കോളനി, കോട്ടത്തറ- രാജീവ്ഗാന്ധി കോളനി, മുള്ളൻകൊല്ലി- മരക്കടവ് കോളനി, വെള്ളമുണ്ട- എട്ടേനാൽ മുണ്ടയ്ക്കൽ കോളനി, നൂൽപ്പുഴ- തിരുവണ്ണൂർ കോളനി, പടിഞ്ഞാറത്തറ- ചങ്ങാലത്ത് കോളനി, എടവക- കുറുമപ്പാടി കോളനി, മൂപ്പൈനാട്- ചിത്രഗിരി കോളനി, മേപ്പാടി- ചെമ്പോത്തറ കോളനി, കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നാരങ്ങാക്കണ്ടി കോളനി എന്നിവയായിരുന്നു ഗൃഹസന്ദർശന കേന്ദ്രങ്ങൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന ഗൃഹസന്ദർശന പരിപാടികൾ അധ്യയന വർഷാരംഭം വരെ തുടരും. ഇന്നു രാവിലെ ഒമ്പതിന് ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്തിലെ കരിമം കോളനി സന്ദർശിക്കും.