ജില്ലാകളക്ടര്‍ എ ആര്‍ അജയകുമാര്‍
ആദിവാസി പിന്നോക്കവിഭാഗക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലയുടെ 31-ാമത് കളക്ടറായി ചുമതലയേറ്റ എ. ആര്‍ അജയകുമാര്‍ പറഞ്ഞു. ജില്ലയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് പഠിച്ചുവരുന്നതേയുള്ളൂ. പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തി സര്‍ക്കാരിന്റെ സഹായങ്ങള്‍ കാലതാമസംകൂടാതെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തില്‍ (സി എസ് ആര്‍) ജില്ലാ ഭരണകൂടത്തോട് സഹകരിക്കുന്നതിനുള്ള സന്നദ്ധത വാണിജ്യപ്രമുഖര്‍ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
സെ്രകട്ടറിയേറ്റില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അജയകുമാര്‍ ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാട്ടര്‍ അതോറിട്ടി മാനേജിങ് ഡയറക്ടര്‍, സംസ്ഥാന ആസൂത്രണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജലനിധിയുടെ ഗ്രാമീണ കുടിവെള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേയും ലോകബാങ്കിന്റെയും പ്രശംസ നേടി. 75 ശതമാനം സംസ്ഥാനവും 15 ശതമാനം തദ്ദേശഭരണസ്ഥാപനവും 10 ശതമാനം ഗുണഭോക്തൃ സമിതിയും സംയുക്തമായി ചെലവഴിച്ച് നടപ്പാക്കുന്നതായിരുന്നു ലോകബാങ്ക് സഹോയത്തോടെയുളള ഈ പദ്ധതി. സംസ്ഥാന ജീവനക്കാരുടെ ശമ്പള വിതരണത്തിനും അക്കൗണ്ടിനും ഏകീകൃതമാനം ഉണ്ടാക്കുവാന്‍ ട്രഷറിയില്‍ നടപ്പാക്കിയ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം, ട്രഷറി അക്കൗണ്ടിങില്‍ സമഗ്രപരിഷ്‌കാരമാണ് വരുത്തിയത്. ഇതിന് ചുക്കാന്‍ പിടിച്ചതും അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുള്‍പ്പെടെയുള്ള ശമ്പള ബില്ലുകള്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറ്റിയതിനും പൊതുമരാമത്തു വകുപ്പിലെ ശമ്പള വിതരണം ചെക്ക് ഡ്രോയിങ് രീതിയില്‍ നിന്ന് മാറ്റിയതിനും നേതൃത്വം വഹിച്ചു. അനധികൃത ഇടപെടല്‍ അവസാനിപ്പിക്കുന്നതിന് ദര്‍ഘാസ് നടപടികള്‍ ലഘൂകരിക്കുന്നതിനും ഓണ്‍ലൈനാക്കുന്നതിനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനുവച്ചപുരം എന്‍ എസ് എസ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജയകുമാര്‍ തിരുവനന്തപുരം നേമത്താണിപ്പോള്‍ താമസം. ഭാര്യ എ. എസ് ശ്രീലത സ്‌കൂള്‍ അദ്ധ്യപികയാണ്. മക്കള്‍ സന്ദീപ് കൃഷ്ണന്‍, സബിത.