കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടം നേരില്‍ കണ്ട് വിലയിരുത്തുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥ സംഘം വൈക്കം മേഖലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നീണ്ടൂര്‍ പഞ്ചായത്തിലെ മുടക്കാലില്‍ പാടശേഖരത്തിലെ നെല്‍കൃഷി നാശമാണ് ആദ്യം കണ്ടത്. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. കല്ലറ ഗ്രാമ പഞ്ചായത്തിലെ 75 ഹെക്ടറില്‍ കൃഷി നാശം ഉണ്ടായ കോലത്തുകരി പാടശേഖരവും സംഘം നേരില്‍ കണ്ടു. കൃഷി ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ക്ക് ഈ നാശനഷ്ങ്ങളിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സി.കെ ആശ എം.എല്‍.എ സംഘത്തിന് വിശദീകരിച്ചു.  വെള്ളപ്പൊക്കത്തിന് കാരണമാകുന്ന സമീപ പ്രദേശത്തെ പുഴ ഏതാണെന്നും അതിന്റെ ഉദ്ഭവം എവിടെയാണെന്നും സംഘം ജില്ലാ കളക്ടടറോട് ആരാഞ്ഞു. മുവാറ്റുപുഴ ആറിന്റെ ഉത്ഭവ സ്ഥാനവും പ്രത്യേകതകളും വൈക്കം പ്രദേശത്തേ നെല്‍കൃഷി മേഖലയെ വെള്ളപ്പൊക്കം ബാധിക്കുന്ന സാഹചര്യങ്ങളും കളക്ടര്‍ വിശദീകരിച്ചു. തലയാഴം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മരം വീണ് വീട് തകര്‍ന്ന കുളച്ചിറ ഭാസ്‌ക്കരന്റെയും കുടുംബത്തിന്റെയും സങ്കടം സംഘം നേരില്‍ മനസ്സിലാക്കാനും സംഘം സമയം കണ്ടെത്തി. കൂപ്പുകൈകളോടെ സംസാരിച്ച ഭാസക്കരനോട് കൈകൂപ്പി  മറുപടി പറയേണ്ട ആവശ്യമില്ലെന്നു പറഞ്ഞ്  ആത്മവിശ്വാസം നല്‍കാനും സംഘ തലവന്‍ ഡോ. ധര്‍മ്മ റെഡി ശ്രദ്ധിച്ചു. ഭിത്തികളും തകര്‍ന്ന വീടിന്റെ സമീപത്ത് കെട്ടിയ ഷെഡില്‍ ഭാര്യ, മകന്‍, മരുമകള്‍, രണ്ട് പേരക്കുട്ടികള്‍ എന്നിവര്‍ക്കൊപ്പം താമസിക്കുന്ന ഭാസ്‌ക്കരനെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല. ശക്തമായ കാറ്റിലും മഴയിലും മേല്‍ക്കൂര തകര്‍ന്നു വീണ വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ക്ലാസ് മുറികള്‍ സംഘം സന്ദര്‍ശിച്ചു. കേരളത്തിലെ പ്രശസ്ഥ എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീര്‍, തകഴി തുടങ്ങിയവര്‍ പഠിച്ച സ്‌കൂളാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി വിശദീകരിച്ചു. സന്ദര്‍ശനം നടത്തിയ ദുരിതബാധിത മേഖലയുടെ വിശദാംശങ്ങള്‍ എഴുതി നല്‍കണമെന്ന് അനുഗമിച്ച ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് സംഘം നിര്‍ദ്ദേശം നല്‍കി. 
 
കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എ.വി ധര്‍മ്മറെഡ്ഡി, ധനകാര്യ ജോയിന്റ് ഡയറക്ടര്‍ എസ്. സി മീണ, കേന്ദ്ര ജലകമ്മീഷന്‍ ഡയറക്ടര്‍ റ്റി. തങ്കമനി, ഗ്രാമ വികസന അസി. ഡയറക്ടര്‍ ചാഹത് സിംഗ് എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. സി.കെ ആശ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍ ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ സുഗതന്‍, അഡ്വ. കെ. കെ. രഞ്ജിത് വിവിധ വകുപ്പു മേധാവികള്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.