കണ്ണൂര്‍: പുതിയ കാലത്തെ നൃത്തരൂപമായ ഫ്‌ളാഷ് മോബുകളെ കൗതുകമുണ്ടാക്കുന്ന വിനോദോപാധി മാത്രമായാണ് പൊതുവെ കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫ്‌ളാഷ് മോബുകളില്‍ പിറന്നു വീണത് അതിജീവനത്തിന്റെ ചുവടുകളാണ്. ഓള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ് മോബുകള്‍ നടത്തിയത്. 30,028 രൂപയാണ് ഫ്‌ളാഷ് മോബിലൂടെ ഇവര്‍ സ്വരൂപിച്ച് കലക്ടറേറ്റില്‍ നല്‍കിയത്.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ച ശേഷം ആദ്യമായി നടത്തുന്ന പരിപാടിയാണ് ഇതെന്ന് അസോസിയേഷന്റെ കണ്ണൂരില്‍ നിന്നുള്ള സ്‌റ്റേറ്റ് നോമിനി ഭരത് കുമാര്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് നേരത്തേ നിശ്ചയിച്ച ഓണക്കാല പരിപാടികള്‍ റദ്ദാക്കുകയായിരുന്നു. വിവിധ പ്രായത്തിലുള്ള 80 ഓളം കുട്ടികളാണ് കേരളത്തിനായി ചുവടു വെച്ചത്. രണ്ടു ദിവസം മാത്രമാണ് ഫ്‌ളാഷ് മോബിനായി ഇവര്‍ പരിശീലനം നടത്തിയത്. കണ്ണൂര്‍ സ്വദേശി താജുദ്ദീനാണ് ഫ്‌ളാഷ് മോബിനായി ചുവടുകള്‍ ഒരുക്കിയത്.

ബക്രീദ് ദിനത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ ആദ്യ പരിപാടി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. അന്നും ഓണനാളിലുമായി പയ്യാമ്പലം, മുഴുപ്പിലങ്ങാട്, കാപിറ്റല്‍ മാള്‍ എന്നിവിടങ്ങളിലും ഫ്‌ളാഷ് മോബ് നടത്തി. യാത്രയ്ക്കും ഭക്ഷണത്തിനുമുള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ സ്വയം വഹിച്ചാണ് ഈ കലാകാരന്‍മാര്‍ കേരളത്തിന്റെ കണ്ണീരൊപ്പാനായി ചുവടു വെച്ചത്. കൂടുതല്‍ നൃത്തപരിപാടികള്‍ സംഘടിപ്പിച്ച് ഇനിയും ദുരിതാശ്വാസ നിധിയിലേക്ക് കണ്ടെത്താനാണ് ഇവരുടെ തീരുമാനം.

ഫ്‌ളാഷ് മോബില്‍ നിന്നുള്ള ചിത്രങ്ങള്‍: