മുന്നൊരുക്കങ്ങൾ സമയബന്ധിതമായും ഫലപ്രദമായും പൂർത്തീകരിച്ച് ശബരിമല തീർഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാരിനായി. തീർഥാടന പൂർവ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്നിധാനത്ത് നേരിട്ടെത്തിയത് ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ നിർണായകമായി. മുഖ്യമന്ത്രി നേരിട്ടെത്തി വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തിയത് ഉദ്യോഗസ്ഥർക്ക് ആവേശം പകർന്നു. ശബരിമല തീർഥാടനത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നൂവെന്ന സന്ദേശം മുഖ്യമന്ത്രിയുടെ സന്ദർശനത്തിലൂടെ വ്യക്തമായത് തീർഥാടന പൂർവ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വഴിയൊരുക്കി.
ആരോഗ്യ പരിചരണം, ഗതാഗതം, റോഡ്, തീർഥാടകരുടെ സുരക്ഷ, കുടിവെള്ളം, ഭക്ഷ്യസുരക്ഷ, വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും മെച്ചപ്പെട്ട സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കുന്നതിന് സർക്കാർ ശ്രദ്ധ പുലർത്തി. മുന്നൊരുക്കങ്ങൾക്കായി കൂടുതൽ തുക യഥാസമയം അനുവദിച്ചത് ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സഹായകമായി. സന്നിധാനം, പമ്പ, പത്തനംതിട്ട, പന്തളം, തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ യഥാസമയം വിലയിരുത്തിയിരുന്നു. തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിന് തിരുവനന്തപുരത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിച്ചതും ഫലപ്രദമായി.