ആലപ്പുഴ: രക്ഷകർത്താക്കളുടെ താളം തെറ്റിയാൽ കുട്ടികളുടെ പാളം തെറ്റുമെന്ന് സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്.  രക്ഷകർത്താക്കളുടെ മൂലധനം കുട്ടികളാണ്. മൂലധനത്തിന്റെ യശ്ശസ് ഉയരുന്നത് കുട്ടികളെ നന്നായി വളർത്തുമ്പോഴാണ്. റിയൽ എസ്റ്റിറ്റേറ്റിലോ ധനകാര്യ നിക്ഷേപത്തിലോ ഒരു കാര്യവുമില്ല. കുട്ടികളുടെ സംരക്ഷണത്തിനായി ജില്ല നിയമ സേവന അതോറിട്ടി ആവിഷ്‌കരിച്ച സ്‌പേസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
 തങ്ങളെ കണ്ട് പഠിക്കാൻ സ്വന്തം മക്കളോട് പറയാൻ രക്ഷകർത്താക്കളുടെ മനസാക്ഷി അനുവദിക്കുന്നില്ലെങ്കിൽ വലിയ സ്‌കൂളുകളിൽ പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. കുട്ടികൾ തങ്ങളുടെ കൈകളിൽ സുരക്ഷിതരാണെന്ന വെല്ലുവിളി ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അധ്യാപകരും പരാജയമാണ്. അറിവ് മാത്രം പോര. പ്രായോഗിക ജ്ഞാനം കൂടി വിദ്യാലയങ്ങളിൽ നിന്ന് കിട്ടണം. ഉയരങ്ങളിൽ എത്താൻ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം കൊടുക്കേണ്ടത് അധ്യാപകരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതം ഒന്നേ ഉള്ളൂ. താൻ ആരാകണമെന്ന് കുട്ടികൾ തീരുമാനിക്കണം. പണം, പദവി, സുഖ സൗകര്യം, അധികാരം എന്നിവയോടുള്ള മനോഭാവത്തിൽ സത്യസന്ധതയും, വിശുദ്ധിയും, വിശ്വസ്ഥതയും ഉണ്ടാകണം. അല്ലാതെയുള്ള ഉയർച്ച മനസാക്ഷിയെ കുത്തി നോവിക്കും. പാളം തെറ്റുന്ന കുട്ടികളെ ശരിയായ പാളത്തിൽ എത്തിക്കേണ്ട ജോലിയാണ് ബാലനീതി കോടതികൾ ഏറ്റെടുക്കേണ്ടത്. പ്രസംഗമല്ല, ഇടപെടലുകളാണ് സമൂഹത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമ സേവന അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റീസ് സുരേന്ദ്രമോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയമ സേവന അതോറിട്ടി സെക്രട്ടറി കെ.സത്യൻ ലോഗോ പ്രകാശനം ചെയ്തു.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ല ഗവ പ്ലീഡർ സി.വി.ലുംമുംബ, ജില്ല നിയമ സഹായ കേന്ദ്രം സെക്രട്ടറി വി.ഉദയകുമാർ, വിവിധ ബാർ അസോസിയേഷൻ പ്രസിഡന്റുമാരായ ജയിംസ് ചാക്കോ, പി.വി.സന്തോഷ് കുമാർ, സി.എൻ. അമ്മാഞ്ചി, റോയ് വർഗ്ഗീസ്, കെ.ശ്രീകുമാർ ,അഭിഭാഷക ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് കണ്ണൻ, പാര ലീഗൽ വാളണ്ടിയർ കോ-ഓർഡിനേറ്റർ ബാബു ആന്റണി, ഹയർസെക്കന്ററി  മേഖല ഉപഡയറക്ടർ ആർ.ജെസി, എ.ഇ.ഒ ദീപ റോസ്, അമ്പലപ്പുഴ താലൂക്ക് നിയമ സഹായ കേന്ദ്രം ചെയർമാൻ കെ.പി.സുധീർ എന്നിവർ പ്രസംഗിച്ചു.