ആലപ്പുഴ: ലോകജനതയ്ക്കു മുഴുവൻ ആവേശവും പ്രതീക്ഷയും നൽകുന്നതാണ് മഹാത്മാഗാന്ധിയുടെ ദർശനങ്ങളെന്നും സ്പർദ്ദയും സംഘർഷവും ഉച്ചനീചത്വങ്ങളുമില്ലാത്ത, സാമൂഹിക നീതിയിലും മാനവികതയിലും അധിഷ്ഠിതമായ നവലോകം സ്വപ്നം കാണുന്ന എല്ലാവർക്കും ഗാന്ധിജി സ്വീകാര്യനായി മാറിയിട്ടുന്നെും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ജില്ലാതല സംഘാടക സമിതിയുടെയും വിവര -പൊതുജന സമ്പർക്ക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി വാരാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഗാന്ധിജി ആരെയും അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു. കാലം കഴിയും തോറും അദ്ദേഹത്തിന്റെ ആദർശങ്ങളും കാഴ്ചപ്പാടും കൂടുതൽ തെളിഞ്ഞുവരുകയാണ്. സംഘർഷരഹിതമായ ലോകക്രമം ഗാന്ധിജി വിഭാവനം ചെയ്തു. ജനങ്ങളെ വിഭജിക്കാനും തമ്മിലടിപ്പിക്കാനും ജാതീയമായും വർഗീയമായും ഭിന്നിപ്പിച്ച് കാര്യങ്ങൾ നടത്താനും ആഗ്രഹിക്കുന്ന ശക്തികൾക്ക് എന്നും ഗാന്ധിസ്മരണ പേടിസ്വപ്നമാണ്. ഭയരഹിതരായി ജീവിക്കാനാണ് അദ്ദേഹം നമ്മളെ പഠിപ്പിച്ചത്. എന്നാൽ മനുഷ്യനന്മയ്ക്ക് എതിരായി പ്രവർത്തിക്കുന്നവർക്ക് അദ്ദേഹം പേടിസ്വപ്നം തന്നെ. ഗാന്ധി സ്മരണ ഇല്ലാതാക്കാൻ ചിലർ കഠിനപരിശ്രമം നടത്തുമ്പോഴും ലോകം അത് തള്ളിക്കളഞ്ഞ് അദ്ദേഹത്തെ കൂടുതൽ സ്വീകാര്യനാക്കി.

രാഷ്ട്രാധികാരത്തിന്റെ ആദ്യ പടി പോലും കയറാതെയാണ് അദ്ദേഹം സാമൂഹിക ജീവിതം നയിച്ചത് . ബ്രിട്ടീഷുകാരുമായി ഒരുനിമിഷമെങ്കിലും സമരസപ്പെട്ടിരുന്നെങ്കിൽ അദ്ദേഹത്തിന് അധികാരം ലഭിക്കുമായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ വർഗീയശക്തികൾ കലാപങ്ങൾ ആരംഭിച്ച് ഇന്ത്യ വിഭജിക്കാനാണ് ശ്രമിച്ചത്. കലാപം നടക്കുന്ന സ്ഥലങ്ങളിൽ സമാധാനത്തിന്റെ ദൂതുമായി ഗാന്ധിജി പോയി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിൽ ഒഴുകിയ ചോരത്തുള്ളികളിലാണ് ഈ രാജ്യത്തിന്റെ ദൃഢമായ അടിത്തറ പാകിയിരിക്കുന്നത്. ആ ചോരയുടെ പശിമ നമ്മളെ കൂടുതൽ ഐക്യപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ദീർഘകാലം നീുനിൽക്കുന്ന പരിപാടികളാണ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചു ആരംഭിച്ചിട്ടുള്ളത്- മന്ത്രി പറഞ്ഞു.
രാവിലെ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെ രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധി സന്ദേശത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ് സ്വാഗതം പറഞ്ഞു. പൂർണമനുഷ്യനെന്ന് വിളിക്കാനാകുന്ന ഒരേയൊരു വ്യക്തിയാണ് ഗാന്ധിജിയെന്ന് പ്രഥമ ഗാന്ധി സ്മൃതി പുരസ്‌കാര ജേതാവ് കല്ലേലി രാഘവൻപിള്ള പറഞ്ഞു. ഗാന്ധി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഒക്ടോബർ രുമുതൽ ജില്ലയിലെ പ്രളയ ബാധിത ലൈബ്രറികൾ പുനസ്ഥാപിക്കാൻ ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകമെന്ന പ്രചരണം ആരംഭിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ചുനക്കര ജനാർദ്ദനൻ നായർ പറഞ്ഞു. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ഐ. അബ്ദുൽ സലാം കർമ്മ പദ്ധതി പ്രഖ്യാപനം നടത്തി. നഗരസഭാംഗം എ.എം. നൗഫൽ, എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ.എൻ ഷാ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.സി.ജയകുമാർ, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ കെ.എസ് രാജേഷ്, ഗാന്ധി സ്മൃതി മണ്ഡപ സമിതിയംഗം രാജു പള്ളിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ശാന്തിലാലിന്റെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടന്നു. കൂടാതെ ചടങ്ങിൽ കക്കാഴം സുരേഷ് ബാബു രചിച്ച് ഈണം നൽകിയ ഗാന്ധിജി അനുസ്മരണ ഗാനം ആലപിച്ചു. കളക്‌ട്രേറ്റിൽ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ അപൂർവ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.