നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
നവോത്ഥാനമെന്നാല്‍ പഴയകാല ഓര്‍മകള്‍ അയവിറക്കല്‍ മാത്രമല്ലെന്നും ഇന്നു നമ്മുടെ മുന്നിലുള്ള പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കല്‍ കൂടിയാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ മാധ്യമ അവാര്‍ഡ് വിതരണം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജിയര്‍ അഞ്ചാമത് ബാച്ചിന്റെ ഉദ്ഘാടനം, ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനദാനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാഭിപ്രായത്തിന്റെ രൂപീകരണമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. സമൂഹത്തിന്റെ മുന്നേറ്റത്തെ സഹായിക്കുകയും മാറ്റങ്ങളെ അഭിസംബോധന ചെയ്യുകയും, തെറ്റുകളെ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രളയകാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിച്ച രീതി ലോക മാധ്യമ രംഗത്തിനുതന്നെ മാതൃകയായിരുന്നു. പ്രളയപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു സമൂഹത്തെയാകെ ഏകോപിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞു. സമൂഹം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ ഇത്തരം നിലപാടു സ്വീകരിക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ശബരിമല വിഷയത്തെ നെഗറ്റീവ് ജേണലിസത്തിലൂടെ സംഘര്‍ഷാവസ്ഥയിലേക്ക് കൊണ്ടുപോകാതെയും സംവാദത്തിലൂടെയും സത്യസന്ധമായും അഭിസംബോധന ചെയ്ത മാധ്യമ നിലപാട് അഭിനന്ദനീയമാണ്. ലോകത്ത് ഒരു മാറ്റവും വിസ്‌ഫോടനങ്ങള്‍ സംഭവിക്കാതെ നടന്നിട്ടില്ല.വിസ്‌ഫോടനാത്മകമായ തീരുമാനങ്ങളെടുക്കേണ്ട വേളകളിലും നവോത്ഥാനത്തിന്റേതായ മുന്നേറ്റങ്ങളിലും ഭൂരിപക്ഷം വരുന്ന പൊതുജനത്തിന്റെ പിന്തുണയുണ്ടായിട്ടില്ല. ഇതു മനസ്സിലാക്കിയുള്ള പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ പലപ്പോഴും നിര്‍വഹിക്കുന്നത്.
ജനാധിപത്യത്തിന്റെ മുകളിലുള്ള സര്‍വ സാധ്യതകളെയും അന്വേഷിക്കുന്നതിനായി സംസ്ഥാനത്ത് ജനാധിപത്യത്തിന്റെ ഉത്സവം നടത്തി. രാജ്യത്തുതന്നെ ഇത്തരമൊരു പ്രവര്‍ത്തനം ആദ്യത്തേതായിരുന്നു. ഓരോ നിമിഷവും വികസിക്കുന്ന സാമൂഹ്യവ്യവസ്ഥയാണ് ജനാധിപത്യമെന്നും അത് കൂടുതല്‍ ജനങ്ങളിലേക്ക് എങ്ങനെ വിന്യസിക്കാമെന്ന് അന്വേഷിക്കുകയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തിലൂടെ ലക്ഷ്യമാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു.
ആര്‍. ശങ്കരനാരായണന്‍ തമ്പിയുടെ സ്മരണയ്ക്കുള്ള അവാര്‍ഡ് അച്ചടിമാധ്യമ വിഭാഗത്തില്‍  ഷെബിന്‍ മെഹബൂബും ദൃശ്യമാധ്യമ വിഭാഗത്തില്‍ ഉല്ലാസന്‍ പി. യും ഇ.കെ. നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് അച്ചടി വിഭാഗത്തില്‍ വി.എസ്. രാജേഷും ദൃശ്യമാധ്യമ വിഭാഗത്തില്‍ പി.ആര്‍. പ്രവീണയും ജി. കാര്‍ത്തികേയന്‍ നിയമസഭാ അവാര്‍ഡ് അച്ചടി വിഭാഗത്തില്‍ പി.എസ്. റംഷാദും ദൃശ്യമാധ്യമ വിഭാഗത്തില്‍ സജീഷ് കെ. യും സ്പീക്കറില്‍ നിന്ന് ഏറ്റുവാങ്ങി.
വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടന  സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിന് നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായവര്‍ക്കും സ്പീക്കര്‍ സമ്മാനങ്ങള്‍  നല്‍കി.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, പാര്‍ലമെന്ററി പഠന പരിശീലനകേന്ദ്രം ജോയിന്റ് സെക്രട്ടറി എസ്. ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.