മെഗാ ആരോഗ്യമേള ഡിസംബര്‍ ക്രിസ്മസ് അവധിക്കാലത്ത് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും. സംഘാടക സമിതിയുടെ ആദ്യ യോഗം നവംബര്‍ 16ന് രാവിലെ 11ന് കളക്ടറേറ്റില്‍ ചേരാനും തീരുമാനമായി. എം.പി, എം.എല്‍.എമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സംഘാടക സമിതി. അലോപ്പതി, ആയുഷ്, ഹോമിയോപ്പതി വകുപ്പുകള്‍ സംയുക്തമായാണ് മെഗാ ആരോഗ്യമേള സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണവും ഉറപ്പാക്കും. മേളയുടെ ഭാഗമായി കല്‍പ്പറ്റയിലും മാനന്തവാടിയിലും മെഡിക്കല്‍ ക്യാമ്പുകളും കല്‍പ്പറ്റയില്‍ പ്രദര്‍ശനമേളയും നടത്തും. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പകരുന്നതും അല്ലാത്തതുമായ രോഗങ്ങളെക്കറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുക, ശാസ്ത്രീയമായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തുക, രോഗനിര്‍ണയം നടത്തി ആവശ്യമായ തുടര്‍ചികിത്സ നല്‍കുക, സര്‍ക്കാര്‍ സേവനങ്ങളെയും സ്‌കീമുകളെയും കുറിച്ച് അവബോധമുണ്ടാക്കുക, ആരോഗ്യമേഖലയും പൊതുജനങ്ങളുമായുള്ള ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുക, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക തുടങ്ങിയവയാണ് മെഗാ ആരോഗ്യമേളയിലൂടെ ഉദ്ദേശിക്കുന്നത്.