തിരുവനന്തപുരം: ലോക എയ്ഡ്‌സ് ദിനം ഡിസംബർ ഒന്നിന് ജില്ലയിൽ സമുചിതമായി ആചരിക്കാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ആസൂത്രണ കമ്മിറ്റി യോഗം തീരുമാനിച്ചു.  നവംബർ 30 ന് തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ വൈകിട്ട് ആറിന് മെഴുകുതിരി തെളിക്കും.   ജില്ലാ മെഡിക്കൽ ഓഫീസ്, സെൻട്രൽ റയിൽവേ സുരക്ഷ പദ്ധതി തുടങ്ങിയവയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും.  ഡിസംബർ ഒന്നിന് രാവിലെ 8.30 ന് കനകക്കുന്നിൽ നിന്നും യൂണിവേഴസിറ്റി കോളജ് വരെ റാലിയുമുണ്ടാകും.  റാലിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ടീമുകൾക്ക് സർട്ടിഫിക്കറ്റ് നൽകാനും യോഗം തീരുമാനിച്ചു.  സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, നഴ്‌സിംഗ് വിദ്യാർഥികൾ, എൻ.എസ്.എസ്, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർ റാലിയിൽ അണിനിരക്കും.
എയ്ഡ്‌സിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.  അഡീ. ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അരുൺ, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. സിന്ധു, വിവിധ എയ്ഡ്‌സ് സുരക്ഷാ പ്രോജക്ട് അംഗങ്ങൾ, എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്. പ്രതിനിധികൾ ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.