ചെന്നീര്‍ക്കര പഞ്ചായത്തില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചു
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മ്മസേന സജ്ജമായി. പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 14 വാര്‍ഡുകളിലായി രണ്ട് പേര്‍ ഒരു വാര്‍ഡിന് എന്ന രീതിയില്‍ ആകെ 28 പേരടങ്ങുന്ന സംഘമാണ് ചെന്നീര്‍ക്കരയിലെ ഹരിതകര്‍മ്മസേന. വീടുകളില്‍ നിന്നും പൊതുസ്ഥാപനങ്ങളില്‍ നിന്നും കടകളില്‍ നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ്മസേന പഞ്ചായത്ത് നിര്‍മിച്ചിട്ടുള്ള അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിലെത്തിച്ച് തരംതിരിച്ച് സൂക്ഷിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് കൈമാറും.
 വീടുകളില്‍ തരംതിരിച്ച് വൃത്തിയാക്കി സൂക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഇലക്‌ട്രോണിക്, ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ എന്നിവ മാസത്തില്‍ രണ്ട് തവണ ശേഖരിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് ഹരിതകര്‍മ്മസേന യൂസര്‍ ഫീ ഈടാക്കും.
 ജൈവമാലിന്യ സംസ്‌കരണം സ്വന്തമായി നടത്തുന്ന വീടുകളില്‍ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നതിനായി 40 രൂപയാണ് മാസം തോറും നല്‍കണം. എല്ലാ ദിവസവും ജൈവമാലിന്യ ശേഖരണം ആവശ്യപ്പെടുന്ന വീടുകള്‍ പ്രതിമാസം 800 രൂപ ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കണം. യൂസര്‍ഫീ ഈടാക്കുമ്പോള്‍ കൃത്യമായ രസീത് നല്‍കും. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് ഹരിതകര്‍മ്മസേന ശേഖരിക്കുക. അജൈവമാലിന്യ ശേഖരണത്തോടൊപ്പം തന്നെ വീടുകളില്‍ പാഴാകുന്ന ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹരിതകര്‍മ്മസേന നല്‍കും. ഇതിനാവശ്യമായ സാധനസാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും.
ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേന ശാസ്ത്രീയമായ പരിശീലനം ലഭിച്ച ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കപ്പെട്ട ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യത്തിന്റെ ചുമതലയിലും പഞ്ചായത്ത് ഭരണസമിതിയുടെ മേല്‍നോട്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. വൈസ്പ്രസിഡന്റ് ജയിംസ് കെ.സാം, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ലൗലി വാലുതറയില്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ രാധാമണി സുധാകരന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.എസ് കൃഷ്ണകുമാര്‍, ഹരിതകര്‍മ്മ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.