ഭവനരഹിതരില്ലാത്ത മാനന്തവാടി സമ്പൂർണ്ണ ഭവന പദ്ധതി ജില്ലക്ക് മാതൃകയാണെന്ന് ഒ.ആർ. കേളു എം.എൽ.എ. അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 101 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കാലവർഷക്കെടുതിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുള്ള രേഖകളും കൈമാറി.

2020 -ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം മുൻനിർത്തിയാണ് മാനന്തവാടി നഗരസഭ ഭവനരഹിതരില്ലാത്ത മാനന്തവാടി പദ്ധതി ആവീഷ്‌കരിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാൻമന്ത്രി ആവാസ് യോജന, സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനുമായി ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2017 നവംബറിൽ തുടങ്ങിയ പദ്ധതിയിൽ 1,613 കുടുംബങ്ങൾക്കാണ് നഗരസഭ പുതിയ വീടുകൾ നിർമ്മിച്ചു നൽകുക. പദ്ധതിയുടെ ആദ്യഘട്ടമാണ് എം.എൽ.എ. ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും കൂടുതൽ വീട് നിർമ്മിച്ചു നൽകുന്ന ആദ്യ അഞ്ചു നഗരസഭകളിൽ മാനന്തവാടിയും ഉൾപ്പെടുന്നെന്ന പ്രത്യേകതയുമുണ്ട്. നാലു ഘട്ടങ്ങളിലായി നാലു ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന പദ്ധതിയിൽ ഒന്നരലക്ഷം രൂപ കേന്ദ്ര വിഹിതവും അൻപതിനായിരം രൂപ സംസ്ഥാന സർക്കാർ വിഹിതവും ശേഷിക്കുന്ന രണ്ടുലക്ഷം നഗരസഭ വിഹിതവുമാണ്. 53 കോടി രൂപ ആദ്യഘട്ട ചെലവ് വരുന്ന പദ്ധതിയിൽ 26.5 കോടി രൂപ നഗരസഭയാണ് കണ്ടെത്തേണ്ടത്. ഇതിനായി ഹഡ്‌കോയി നിന്ന് വായ്പ എടുക്കാനുള്ള നടപടികളും പൂർത്തിയായിട്ടുണ്ട്. ജനുവരി അവസാനത്തോടെ ഈ തുക കൂടി ലഭിക്കുന്നതോടെ പദ്ധതി നടത്തിപ്പിൽ വേഗം കൈവരും. കൂടാതെ ഭവനരഹിതരായ എസ്ടി വിഭാഗത്തിൽപ്പെട്ട 367 ഗുണഭോക്താക്കൾക്ക് പട്ടികവർഗ വികസന വകുപ്പ് നൽകുന്ന വീടുകളുടെ നിർമാണ പ്രവർത്തനവും അന്തിമഘട്ടത്തിലാണ്. പലവിധ കാരണങ്ങളാൽ പ്രവൃത്തി പൂർത്തിയാവാതെ കിടന്ന 452 ഭവനങ്ങൾ ലൈഫ് മിഷന്റെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്. കാലവർഷക്കെടുതിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മാനന്തവാടി നഗരസഭയിലെ വിവിധ ഇടങ്ങളിലായി 2.27 ഏക്കർ സ്ഥലം വിവിധ വ്യക്തികളും സംഘടനകളും സൗജന്യമായി നൽകിയിട്ടുണ്ട്.

പരിപാടിയിൽ നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷനിൽ പൂർത്തികരിച്ച എസ്.ടി.വീടുകളുടെ താക്കോൽദാനം ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശോഭരാജൻ നിർവ്വഹിച്ചു. കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റർ പി. സാജിത മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ടി.ബിജു, ശാരദ സജീവൻ, ലില്ലി കുര്യൻ, വർഗ്ഗീസ് ജോർജ്, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, നഗരസഭ സെക്രട്ടറി ഇൻ ചാർജ് സി.ജയചന്ദ്രൻ, തണൽ ട്രസ്റ്റ് എക്‌സികൂട്ടീവ് അംഗം ഇല്യാസ് തരുവണ തുടങ്ങിയവർ സംസാരിച്ചു.