സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും റിപ്പബ്‌ളിക്് ദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും വകുപ്പ് തലവൻമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ച് പൊതുഭരണവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ആഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കും. പ്ലാസ്റ്റിക് ദേശീയപതാക നിർമിക്കുന്നതും വിൽപന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
റിപ്പബ്‌ളിക് ദിനത്തിൽ തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം രാവിലെ 8.30ന് ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടർന്ന് വിവിധ സേനാവിഭാഗങ്ങൾ അണിനിരക്കുന്ന പരേഡ് നടക്കും. ജില്ലാതലത്തിൽ ചുമതലപ്പെട്ട മന്ത്രിമാർ രാവിലെ 8.30നോ ഒമ്പത് മണിക്കകത്തോ പതാക ഉയർത്തും. ബ്‌ളോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലും ഇതേ സമയത്ത് പതാക ഉയർത്തും.
പൊതുസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8.30നോ അതിനു ശേഷമോ പതാക ഉയർത്താനാണ് നിർദ്ദേശം. തുടർന്ന് ദേശീയഗാനവും ആലപിക്കും.