സര്‍ക്കാര്‍ ഖജനാവിലേക്ക് വന്‍തോതില്‍ പണം ലഭ്യമാക്കുന്ന സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുളളതായി രജിസ്‌ട്രേഷന്‍ പൊതുമരാമത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 1.67 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാല മീനച്ചില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഓഫീസുകള്‍ പലതും പഴയ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര സൗകര്യങ്ങളില്ലാതെ  പ്രവര്‍ത്തിക്കുന്ന സബ്ബ് രജിസ്റ്റാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും മറ്റ് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള നീക്കങ്ങള്‍ വേഗത്തില്‍ നടത്തി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്‍പതിനായിരത്തിലധികം ജനങ്ങളാണ്  മീനച്ചില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.പ്രതിവര്‍ഷം പതിന്നാല് കോടിയിലധികം രൂപ ഇവിടെ നിന്ന് ഖജനാവിലേക്ക് ലഭിക്കുന്നുണ്ട്.  അടിസ്ഥാന  സൗകര്യങ്ങള്‍ മെച്ചപ്പെട്ടാലേ മികച്ച രീതിയിലുള്ള സേവനങ്ങള്‍ ജനങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. രജിസ്‌ട്രേഷന്‍ ഓഫീസുകളിലെ രേഖകള്‍  ഡിജിറ്റലൈസ് ചെയ്യുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുമുള്ള  പ്രവര്‍ത്തനങ്ങള്‍  നടന്നു വരികയാണ്. പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ രേഖകള്‍ നല്‍കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണി എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഡി. ഹരിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, മുന്‍ എം.എല്‍.എ വി. എന്‍ വാസവന്‍  തുടങ്ങിയവര്‍ സംസാരിച്ചു.നീകുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ സ്വാഗതവും ജില്ലാ രജിസ്ട്രാര്‍ (ജനറല്‍ )ആര്‍.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.