ദുരിതാശ്വാസം: വരുമാനപരിധി ഉയർത്തി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയർത്താൻ തീരുമാനിച്ചു.

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 2019 മാർച്ച് 28 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.

മോട്ടോർ വാഹന വകുപ്പിനു കീഴിൽ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂർ, ചടയമംഗലം, പത്തനാപുരം, കോന്നി, വർക്കല എന്നിവിടങ്ങളിൽ പുതിയ സബ് ആർ.ടി. ഓഫീസുകൾ തുടങ്ങാൻ തീരുമാനിച്ചു. ഓരോ ഓഫീസിലും 7 വീതം തസ്തികകൾ അനുവദിക്കും. മൊത്തം 49 തസ്തികകൾ സൃഷ്ടിക്കും.

വിമുക്തി മിഷന്റെ പ്രവർത്തനത്തിന് 31 തസ്തികകൾ താൽക്കാലികമായി സൃഷ്ടിക്കാൻ തീരുമാനിച്ചു. 3 റിസർച്ച് ഓഫീസർ, 14 ജില്ലാ മിഷൻ കോർഡിനേറ്റർ, 14 ജില്ലാ മാനേജർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്.

രണ്ടു പുതിയ ഐടിഐകൾ

എറണാകുളം ജില്ലയിലെ തുറവൂരിലും വയനാട് ജില്ലയിലെ വെള്ളമുണ്ടയിലും പുതിയ സർക്കാർ ഐടിഐകൾ തുടങ്ങാൻ തീരുമാനിച്ചു. തുറവൂരിൽ ഇലക്ട്രീഷ്യൻ, മെക്കാനിക് ഡീസൽ എന്നീ രണ്ടു ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകൾ അനുവദിക്കും. വെള്ളമുണ്ടയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ എന്നീ ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകളാണ് തുടങ്ങുക. രണ്ടിടത്തും 6 വീതം പുതിയ തസ്തികകൾ സൃഷ്ടിക്കും.

ഏഴു ജില്ലകളിൽ ന്യൂനപക്ഷ-യുവജന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. കണ്ണനല്ലൂർ (കൊല്ലം), കായംകുളം (ആലപ്പുഴ), മട്ടാഞ്ചേരി (എറണാകുളം), പട്ടാമ്പി (പാലക്കാട്), വളാഞ്ചേരി (മലപ്പുറം), പേരാമ്പ്ര (കോഴിക്കോട്), തലശ്ശേരി (കണ്ണൂർ) എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നത്.

നിയമനങ്ങൾ, മാറ്റങ്ങൾ

പൊതുവിദ്യാഭ്യാസ ഡയറക്ടർ ബി.എസ്. തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ഇടുക്കി കലക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കും.

പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനെ ഇടുക്കി കലക്ടറായി മാറ്റി നിയമിക്കും.