ആലപ്പുഴ: ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ദുരന്ത നിവാരണം, രക്ഷപ്പെടുത്തൽ, തുടങ്ങിയവ സംബന്ധിച്ച പരിശീലനപരിപാടികൾ നടത്തി. ജി.എച്ച്.എസ്സ്. കരുമാടിയിലും സെൻറ് ജോസഫ് എച്ച്.എസ്സ്.എസ്സിലുമാണ് രണ്ടു ദിവസമായി ദുരന്ത നിവാരണ പരിശീലനം നടത്തിയത്. ദുരന്തനിവാരണം, എമർജൻസി മെഡിക്കൽ ഫസ്റ്റ് എയ്ഡ്, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് 8, 9 ക്ലാസ്സുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് അടങ്ങുന്ന കുട്ടികൾക്കാണ് ക്ലാസുകൾ നടത്തിയത്. എൻ.ഡി.ആർ.എഫ്. അരക്കോണം നാലാം ബറ്റാലിയനിലെ എസ്.ഐ. ലക്ഷ്മൺ തോട്ടയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. കുട്ടികൾക്കും അദ്ധ്യാപകർക്കും പുതിയ അനുഭവങ്ങൾ പകരുന്നതായി പരിശീലനമെന്ന് ജി.എച്ച്.എസ്സ്. കരുമാടിയിലെ പ്രധാന അധ്യാപിക ഷൈനി പറഞ്ഞു.

ദേശീയ ദുരന്ത നിവാരണ സേനയുടെ വർഷാവർഷം നടത്തുന്ന ദുരന്ത നിവാരണത്തിന് ആളുകളെ സജ്ജമാക്കുന്ന പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും പരിശീലനപരിപാടികളും പ്രളയബാധിതമേഖലകളും, കൂടാതെ വ്യവസായ സ്ഥാപനങ്ങളും, ആശുപത്രികളും മറ്റു സ്ഥാപനങ്ങളും ഈ സംഘം സന്ദർശിക്കും.