മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസ് പാലക്കാട് ഫോര്‍ട്ട് പാലസിനടുത്തുള്ള കെ.ടി.വി ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫിസിന്റെ ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു. ജില്ലയില്‍ ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത് ഇനിയും ഓഫീസുകളുടെ ആവശ്യകതയുണ്ടെങ്കില്‍ പരിശോധിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മേട്ടുപ്പാളയം സ്ട്രീറ്റിലെ നൈനാന്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് കെ.ടി.വി ടവറിലേക്ക് മാറ്റി സ്ഥാപിച്ചത്.
ഭവനവായ്പ, വിദേശപഠനം, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കുള്ള വായ്പകള്‍, പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കുള്ള വായ്പകള്‍, സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പ, സ്വയംതൊഴില്‍ വായ്പ, മൈക്രോ ക്രെഡിറ്റുമായി ബന്ധപ്പെട്ട് സി.ഡി.എസുകള്‍ക്ക് നല്‍കുന്ന വായ്പ തുടങ്ങി നിരവധി പദ്ധതികളാണ് വകുപ്പിന് കീഴില്‍ നടപ്പാക്കുന്നത്. 95 ശതമാനമാണ് വായ്പകളുടെ തിരിച്ചടവ്.
ജില്ലയിലെ ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്ത് വടക്കഞ്ചേരിയില്‍ ഫെബ്രുവരി 25ന് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സബ് ഓഫീസ് തുറന്നിരുന്നു.
2500 സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിച്ച ഓഫീസില്‍ 14 ജീവനക്കാരാണ് നിലവിലുള്ളത്. ജില്ലാ മാനെജര്‍ വി.ലത, അസിസ്റ്റന്റ് മാനെജര്‍ ആര്‍.ജയപ്രകാശന്‍, പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.സുരേഷ്, ബോര്‍ഡംഗം ടി.കണ്ണന്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.