വിദേശമദ്യം, കള്ള് എന്നീ മേഖലയിൽ 2018-19 സാമ്പത്തിക വർഷം നടപ്പാക്കിയ അബ്കാരി നയം 2019-20 സാമ്പത്തിക വർഷവും അതേ പടി തുടരാൻ മന്ത്രിസഭ തീരുമാനിച്ചു.

തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റിൽ നാശം വിതച്ച സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ സാധനങ്ങൾ അയച്ച വകയിൽ ചെലവായ 18.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.

മണ്ണിടിച്ചിൽ മൂലം സമീപ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാകാതിരിക്കാൻ ജവഹർ ബാലഭവന് ചുറ്റുമതിൽ നിർമിക്കുന്നതിന് 1.95 കോടി രൂപ അധിക സഹായം അനുവദിക്കാൻ തീരുമാനിച്ചു.

2007-ലെ സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇ.ബി. ഷൈഭന് നിലവിലുള്ള ചട്ടങ്ങളിൽ ഇളവ് വരുത്തി കേരള വാട്ടർ അതോറിറ്റി കോട്ടയം പി.എച്ച് ഡിവിഷനു കീഴിൽ ഗാർഡ്‌നർ തസ്തികയിൽ നിയമനം നൽകാൻ തീരുമാനിച്ചു.

ജുഡീഷ്യറിയിൽ 478 തസ്തികകൾ

കേരള സബോർഡിനേറ്റ് ജുഡീഷ്യറിയിൽ 478 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 340 തസ്തികകൾ എൽ.ഡി.സിയുടേതും 30 തസ്തികകൾ ടൈപ്പിസ്റ്റിന്റേതുമാണ്.

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലെ നിയമനങ്ങൾ പി.എസ്.സിക്കു വിടാൻ തീരുമാനിച്ചു.

സംസ്ഥാന പുരാരേഖ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 3 പേരെ പത്തു വർഷം തികയുന്ന മുറയ്ക്ക് മാനുസ്‌ക്രിപ്റ്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ നിയമിക്കാൻ തീരുമാനിച്ചു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ (കിയാൽ) സർക്കാരിന് 35 ശതമാനം ഓഹരി നിലനിർത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നൽകാൻ തീരുമാനിച്ചു. കമ്പനിയുടെ അടച്ചുതീർത്ത മൂലധനം 1,500 കോടി രൂപയായി പുനർനിശ്ചയിച്ച സാഹചര്യത്തിലാണിത്.

മൂന്നു സമുദായങ്ങൾ കൂടി ഒ.ബി.സി ലിസ്റ്റിൽ

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാർശ പ്രകാരം ബോയൻ, നായിഡു, കോടങ്കി നായ്ക്കൻ എന്നീ സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപെടുത്താൻ നിശ്ചയിച്ചു.

സംസ്ഥാന ഇലക്ട്രിക് വാഹന നയത്തിന്റെ അന്തിമ രേഖ മന്ത്രിസഭ അംഗീകരിച്ചു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർ പാർക്കിനാവശ്യമായ 15.5 ഏക്കർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി ഏറ്റെടുത്ത് നൽകാൻ തീരുമാനിച്ചു. വിമാനത്താവളം സ്വകാര്യവൽക്കരിക്കുകയോ കമ്പനിയാക്കുകയോ ചെയ്യുകയാണെങ്കിൽ സംസ്ഥാന സർക്കാർ മൊത്തം ലഭ്യമാക്കുന്ന 152.5 ഏക്കർ ഭൂമിയുടെ വിലയ്ക്ക് തുല്യമായ ഓഹരി എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാനത്തിന് നൽകണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകുന്നത്. ഭൂമിയുടെ വില നിശ്ചയിക്കുന്നത് അന്നത്തെ കമ്പോള വിലയ്ക്കനുസരിച്ചായിരിക്കും.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിനു കീഴിൽ 2003 ജൂൺ 1-നു ശേഷം നിയമിതരായ 67 അധ്യാപക -അധ്യാപകേതര ജീവനക്കാർക്ക് 2015 നവംബർ 11 മുതൽ അംഗീകാരവും എ.ഐ.പി. സ്‌കൂൾ ജീവനക്കാർക്ക് അർഹമായ സേവന-വേതന ആനുകൂല്യങ്ങളും നൽകാൻ തീരുമാനിച്ചു.

ഹയർ സെക്കന്ററി എജ്യുക്കേഷൻ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം സി.ഇ.ഒ ആയി മാറ്റിനിയമിക്കാൻ തീരുമാനിച്ചു. ഹയർ സെക്കന്ററി എജ്യുക്കേഷൻ ഡയറക്ടറുടെ ചുമതല വകുപ്പിലെ സീനിയർ ജോയന്റ് ഡയറക്ടർക്ക് നൽകാനും നിശ്ചയിച്ചു.

പ്രളയം മൂലം നാശനഷ്ടം സംഭവിച്ച രജിസ്‌ട്രേഡ് അലങ്കാര മത്സ്യകൃഷിക്കാർക്ക് (ഉടമസ്ഥ / വിതരണക്കാർ) ആനുകൂല്യങ്ങൾ നൽകാൻ തത്വത്തിൽ തീരുമാനിച്ചു. ഇതിന്റെ വിശദാംശം തയ്യാറാക്കാൻ മത്സ്യബന്ധന വകുപ്പിനെ ചുമതലപ്പെടുത്തി.

ഇന്ത്യൻ ആർമിയിൽ നായിക് ആയി സേവനമനുഷ്ഠിക്കവെ ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച മട്ടന്നൂർ കൊടോളിപ്രം സ്വദേശി സി. രതീഷിന്റെ ഭാര്യ എ. ജ്യോതി കൃഷ്ണകുമാറിന് പ്രത്യേക കേസായി പരിഗണിച്ച് പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റായി നിയമനം നൽകാൻ തീരുമാനിച്ചു. നിലവിൽ ഒഴിവില്ലെങ്കിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകും.

സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണ നിർവ്വഹണത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. പ്രിൻസിപ്പൽ – 1, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് – 2, അക്കൗണ്ട്‌സ് ഓഫീസർ – 1, സീനിയർ സൂപ്രണ്ട് – 3, ജൂനിയർ സൂപ്രണ്ട് – 4 എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് സർവ്വീസ്, മുനിസിപ്പൽ കോമൺ സർവ്വീസ് എന്നിവ ഏകോപിപ്പിച്ച് പൊതുസർവ്വീസ് രൂപീകരിക്കുന്നതിന് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.