പ്രൊബേഷൻ സംവിധാനത്തിന്റെയും സംസ്ഥാന സർക്കാർ ആരംഭിച്ച നേർവഴി പദ്ധതിയുടെയും ബോധവത്ക്കരണത്തിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രൊബേഷൻ ഓഫ് ഓഫന്റേഴ്‌സ് ആക്ട് 1958 മുതൽ നിലവിലുണ്ടെങ്കിലും അർഹരായവർക്ക് വേണ്ടത്ര പ്രയോജനം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രൊബേഷൻ സംവിധാനത്തിന്റെ ബോധവത്ക്കരണത്തിനായി സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രൊബേഷൻ സമ്പ്രദായം ആധുനികവത്ക്കരിച്ച് ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് നേർവഴി. കുറ്റവാളികളെ മാനസികവും സാമൂഹികവുമായി പരിവർത്തനം ചെയ്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരൻമാരാക്കുകയാണ് ലക്ഷ്യം. ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിൽ കൂടി കേസിന്റെ സാഹചര്യം, കുറ്റകൃത്യത്തിന്റെ പ്രകൃതം, കുറ്റവാളിയുടെ സ്വഭാവം, കുടുംബപശ്ചാത്തലം, പൂർവ്വ ചരിത്രം എന്നിവ കണക്കിലെടുത്ത് ചില വ്യവസ്ഥകൾക്ക് വിധേയമായി കുറ്റവാളിയുടെ ജയിൽ ശിക്ഷ മാറ്റിവയ്ക്കുന്ന സംവിധാനമാണ് പ്രൊബേഷൻ അതവാ നല്ലനടപ്പ് ജാമ്യം.
ശില്പശാല ജില്ലാ കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ക്രിമിനൽ സ്വഭാവമുള്ളവരെ മാനസ്സികമായി മാറ്റി, പദ്ധതിയിലൂടെ നേർവഴിക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയട്ടെയെന്ന് അവർ ആശംസിച്ചു. ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.പി സുനിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്‌റഫ് കാവിൽ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രമീള ജോൺ, മാനന്തവാടി ജില്ലാ ജയിൽ സുപ്രണ്ട് കെ.വി ബൈജു, വൈത്തിരി സ്‌പെഷ്യൽ സബ് ജയിൽ ഡെപ്യൂട്ടി സുപ്രണ്ട് ഹനീഫ, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ നിസ, പ്രൊബേഷൻ അസിസ്റ്റന്റ് കെ.ടി തൽഹത്ത് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പ്രൊബേഷൻ ഓഫീസ്, ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി എന്നിവരുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രൊബേഷൻ നിയമവും നേർവഴി പദ്ധതിയും, പ്രൊബേഷൻ ഓഫീസ് സേവനങ്ങളും തടവുകാരുടെയും പ്രൊബേഷണർമാരുടെയും പുനരധിവാസ പദ്ധതികളും എന്നി വിഷയങ്ങളിൽ ബോധവത്ക്കരണം നൽകി. മലപ്പുറം, കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ സമീർ മച്ചിങ്ങൽ, ഷീബ മുംതാസ് എന്നിവർ ക്ലാസെടുത്തു.