ഊരുമൂപ്പന്മാരുടെ സംഗമം ക്ഷയരോഗ നിർമാർജ്ജനത്തിനുള്ള കർമപദ്ധതികൾക്ക് കരുത്തേകുന്ന ചിന്തകളുടെ അവലോകനമായി. 2020-ഓടെ വയനാടിനെ സമ്പൂർണ ക്ഷയരോഗ വിമുക്ത ജില്ലയാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തിൽ മാനന്തവാടി ടൗൺഹാളിൽ ഊരുമൂപ്പന്മാരുടെ സംഗമം നടത്തിയത്. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 24ന് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ നടക്കും. കോളനികൾ കേന്ദ്രീകരിച്ച് അവബോധം നടത്താനും രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനും ‘ഊരുമൂപ്പന്മാർക്കൊപ്പം’ പരിപാടിയിൽ തീരുമാനിച്ചു. ഗോത്രവർഗ മേഖലയിൽ എങ്ങനെ ക്ഷയരോഗം തടയാം എന്ന വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ കൺസൽട്ടന്റുമാരായ ഡോ. രാകേഷ്, ഡോ. ഷിബു ബാലകൃഷ്ണൻ, ജില്ലാ ടിബി ഓഫിസർ ഡോ. സി ഷുബിൻ തുടങ്ങിയവർ ക്ലാസെടുത്തു. മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് രൂപരേഖ തയ്യാറാക്കി. പണിയ, ഊരാളി വിഭാഗത്തിൽ നിന്നുള്ള കലാകാരന്മാർ ‘തുടിതാളം’ കലാപരിപാടി അവതരിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250ഓളം ഊരുമൂപ്പന്മാർ പങ്കെടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ആർ. രേണുക ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷൻ അഡീഷനൽ ഡയറക്ടർ ഡോ. ജഗദീഷ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, ഡബ്ല്യുഎച്ച്ഒ കൺസൽട്ടന്റുമാരായ ഡോ. ഷിബു ബാലകൃഷ്ണൻ, ഡോ. രാകേഷ്, സംസ്ഥാന ടിബി സെൽ പ്രതിനിധി ഡോ. മനു, യുണിസെഫ് പ്രതിനിധി ഡോ. സന്തോഷ്, ഐടിഡിപി പ്രൊജക്ട് ഓഫീസർ പി. വാണിദാസ്, മാസ് മീഡിയാ ഓഫിസർമാരായ ഡോ. അജയൻ, ഡോ. സാക്കിർ ഹുസൈൻ, ഇബ്രാഹീം തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യം, നാഷനൽ ഹെൽത്ത് മിഷൻ, പട്ടികവർഗ വികസനം, സാമൂഹികനീതി, തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലയിൽ ക്ഷയരോഗ നിർമാർജ്ജന യജ്ഞം നടക്കുന്നത്.