രേഖകളില്ലാത്ത കടത്തിയ 2,52,000 രൂപ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ പിടിച്ചെടുത്തു. കാവുമന്ദത്ത് നിന്ന് ഒരു ലക്ഷം രൂപയും കൽപ്പറ്റ ലക്കിടിയിൽ നിന്ന് 72,000 രൂപയും മേപ്പാടി കുന്നംപറ്റയിൽ നിന്ന് 80,000 രൂപയുമാണ് പിടികൂടിയത്. വൈകീട്ട് മൂന്നിനും അഞ്ചരയ്ക്കും ലക്കിടി, കാവുമന്ദം എന്നിവിടങ്ങളിൽ നടത്തിയ വാഹന പരിശോധനയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലം ചാർജ് ഓഫീസറും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമായ അബ്ദുൾ ഹാരീസ് നേതൃത്വം നൽകി. വൈകീട്ട് അഞ്ചരയോടെ വൈത്തിരി ഡെപ്യൂട്ടി തഹദിൽദാറും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമായ ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ മേപ്പാടി കുന്നംപറ്റയിൽ നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ 80,000 രൂപ പിടികൂടിയത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനകളിൽ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ഇതുവരെ രണ്ടുലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന ഖത്തർ റിയാലും 6,23,710 രൂപയും പിടികൂടിയിട്ടുണ്ട്.