ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച  ശുചീകരണ പരിപാടിയില്‍ കോട്ടയം ജില്ലയില്‍ നിരവധി പ്രദേശങ്ങള്‍ മാലിന്യമുക്തമായി. പൊതു സ്ഥലങ്ങളില്‍നിന്നും വീട്ടുപരിസരങ്ങളില്‍നിന്നും ജലാശയങ്ങളില്‍നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് കളക്ഷന്‍ പോയിന്റുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തംകൊണ്ട് വിജയകരമായി.
 
 തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ കളക്ഷന്‍ പോയിന്റുകളില്‍നിന്നും പ്രധാന സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയശേഷം സമയബന്ധിതമായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.  
 
പൊതുമരാമത്ത് നിരത്ത് വിഭാഗം കണ്ടെത്തിയ 19 ഹോട്ട് സ്‌പോട്ടുകളില്‍ 16 എണ്ണം ഉള്‍പ്പെടെ നിരവധി മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ശുചീകരിച്ചു.  ഇത്തരം സ്ഥലങ്ങളില്‍ തുടര്‍ന്നും മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും ചെടികള്‍ വച്ചുപിടിപ്പിക്കാനും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും പല ഗ്രാമപഞ്ചായത്തുകളും തീരുമാനമെടുത്തിട്ടുണ്ട്. 
 
മാലിന്യ നിക്ഷേപം തടയാന്‍ വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് സ്‌ക്വാഡ് രൂപീകരിക്കും. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
 
 മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ശുചീകരണവും മാലിന്യ ശേഖരണവും പൂര്‍ത്തിയാകാനുള്ള കേന്ദ്രങ്ങളില്‍ അതിന് നടപടി സ്വീകരിക്കണം. പൊതു സ്ഥലങ്ങളും വീടും പരിസരവും ശുചിയായി സൂക്ഷിക്കാന്‍ ജനങ്ങള്‍  ശ്രദ്ധിക്കണം- കളക്ടര്‍ പറഞ്ഞു.