മഴക്കാലപൂര്‍വ്വ ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി ചെറുവത്തൂര്‍ പഞ്ചായത്തിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം. ഗ്രാമപഞ്ചായത്തിലെ കാരിപ്പള്ളി കണ്ടം കുളം, അരീന്ദ്രന്‍ കുണ്ടുകുളം , തെക്കേ വീടിന് താഴെയുള്ള കുളം, കൊട്ടുമ്പുറം കുളം, അമ്മിഞ്ഞിക്കോട്ക്കുളം എന്നീ കുളങ്ങളാണ് ശുചീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെയും ജനപ്രതിനിധികളുടെയും നേത്യത്വത്തില്‍ അണിനിരന്ന കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മസേനാംഗങ്ങളും ആണ് ശുചീകരണത്തില്‍ പങ്കാളികളായത്.
തെങ്ങോലകളും ഇലകളും വീണ്് മലിനമായി കിടന്ന ഈ കുളങ്ങള്‍ ഏറെ പണിപ്പെട്ടാണ് വൃത്തിയാക്കിയത്. വേനല്‍ കാലമായതുക്കൊണ്ട് കുളത്തില്‍ വെള്ളം കുറവാണ്. കുളത്തിലെ തെങ്ങോലകളും ഇലകളും നീക്കം ചെയ്തതിന് ശേഷം കുളത്തില്‍ അടിഞ്ഞ് കൂടിയ ചളിയും നീക്കം ചെയ്തു.കുളത്തിന് ചുറ്റുമുള്ള കാട് വെട്ടി തെളിച്ച് കുളത്തിലേക്ക് വഴി ഒരുക്കുകയും ചെയ്തു.വരള്‍ച്ച രൂക്ഷമായതിനാല്‍ പഞ്ചായത്തില്‍ മിക്ക സ്ഥലങ്ങളിലും ജലക്ഷാമം ഉണ്ട്. ഈ അഞ്ച് കുളങ്ങളും ശുചീകരിച്ചതോടെ പൊതുജനത്തിന് കുളിക്കാനും അലക്കാനും കൃഷിക്ക് ആവശ്യമായ ജലസേചനത്തിനും കുളങ്ങളിലെ വെള്ളം ഉപയോഗിക്കാം. കുളങ്ങള്‍ ശുചീകരിച്ചത് നിരവധി കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കയാണ്.