ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഹരിത ബൂത്തുകള്‍ സജ്ജീകരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈക്കം നഗരസഭയ്ക്കാണ് ഒന്നാം സ്ഥാനം. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിച്ച വനിതാ ബൂത്ത്  ഉള്‍പ്പെടെ  19 ബൂത്തുകളും പ്രകൃതി സൗഹൃദമായി  സജ്ജമാക്കിയാണ് വൈക്കം നഗരസഭ  ഒന്നാമതെത്തിയത്. 

തെങ്ങോലയും  മറ്റ് ഇലകളും ഉപയോഗിച്ചാണ് ഇവിടെ ബൂത്തുകള്‍ അലങ്കരിച്ചത്.  കുടിവെള്ളം  നല്‍കുന്നതിന് മണ്‍കലവും മണ്‍ഗ്ലാസും സ്റ്റീല്‍ ഗ്ലാസുകളും ഉപയോഗിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി കുടുംബശ്രീ തയ്യാറാക്കിയ ഭക്ഷണം ഇലയിലാണ് വിളമ്പിയത്. പ്ലാസ്റ്റിക്കിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് തുണിയില്‍ തയ്യാറാക്കിയ ബാനറുകളും കടലാസ്  ബോര്‍ഡുകളും  പ്രദര്‍ശിപ്പിച്ചിരുന്നു. മാലിന്യ നീക്കത്തിന് നഗരസഭയുടെ  ഹരിത കര്‍മ്മ സേനാംഗങ്ങളെ എല്ലാ ബൂത്തുകളിലും വിന്യസിക്കുകയും ചെയ്തു

വെരൂര്‍ സെന്‍റ് മേരീസ് എല്‍.പി.എസിലെ ഹരിത ബൂത്ത് സജ്ജമാക്കിയ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിനാണ് (മാടപ്പള്ളി ബ്ലോക്ക്) രണ്ടാം സ്ഥാനം. കടനാട് ഗവണ്‍മെന്‍റ് എല്‍.പി.എസിലെ ഹരിത ബൂത്തൊരുക്കിയ  കടനാട് ഗ്രാമപഞ്ചായത്ത്  മൂന്നാം സ്ഥാനം നേടി.  ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു സമ്മാനദാനം നിര്‍വഹിച്ചു.