മൂവാറ്റുപുഴ: പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് വിജയങ്ങള്‍ നേടാന്‍ കഴിയുന്നവരെയാണ് സമൂഹത്തിന് ഇന്നാവശ്യമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം നടപ്പാക്കുന്ന വിദ്യാ ദീപ്തി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷകളില്‍ മാത്രം എ.പ്ലസ് നേടി എന്നതു കൊണ്ട് വിജയിച്ചു എന്ന് കരുതരുത്. സമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്വമുള്ളവരായി വളരാന്‍ കഴിയുമ്പോഴാണ് വിജയം പൂര്‍ണമാകുന്നത്. കാമ്പസുകളിലും വിദ്യാലയങ്ങളിലും അപകടകരമായ പ്രവണതകള്‍ വളരുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനും സാമൂഹികവും വ്യക്തിപരവുമായ അച്ചടക്കം പാലിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. അധ്യക്ഷനായിരുന്നു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എ.പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം നല്കി. സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍, വിവിധ കോളേജുകളില്‍ മികവുറ്റ വിജയം നേടിയവര്‍, അധ്യാപക അവാര്‍ഡ് ജേതാക്കള്‍, നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ എന്നിവരെയാണ് ആദരിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട്, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ വള്ളമറ്റം കുഞ്ഞ്, ലത ശിവന്‍, ജോഷി സ്‌കറിയ, എന്‍.ജെ.ജോര്‍ജ്, ഷീന സണ്ണി, ശാന്തി എബ്രാഹം, കോഡിനേറ്റര്‍ സി.ആര്‍.ജനാര്‍ദ്ദനന്‍,എം.ആര്‍.പ്രഭാകരന്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: മൂവാറ്റുപുഴയില്‍ നടന്ന വിദ്യാദീപ്തി പ്രതിഭാ സംഗമം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.