ലോക രക്തദാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വ്വഹിച്ചു. രക്തദാനത്തിനെതിരെ നേരത്തെ നിരവധി അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ നിലനിന്നിരുന്നതായും എന്നാല്‍ അപരിഷ്‌കൃതമായ ഇത്തരം ചിന്തകള്‍ക്ക്  ഇന്ന്് മാറ്റം വന്നുവെന്നും അദ്ദേഹം പറഞ്ഞു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി എല്ലാവരും രക്തദാനത്തിനായി മുന്നോട്ടുവരുന്നുണ്ടെന്നും ഈ മാറ്റം ഏറെ പ്രശംസാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ പ്രസിഡന്റും രക്തദാനം ചെയ്ത് മാതൃകയായി.
സുരക്ഷിത രക്തം എല്ലാവര്‍ക്കും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി ബി സെന്റര്‍, ജില്ലാ ആശുപത്രി രക്തബാങ്ക്, എസ്എന്‍ കോളേജ് എന്‍എസ്എസ് യൂണിറ്റുകള്‍, ബ്ലഡ് ഡോണേഴ്‌സ് കേരള എന്നിവ സംയുക്തമായാണ് ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ 29 തവണ രക്തം ദാനം ചെയ്ത തലശ്ശേരി സ്വദേശി കെ നിമോജ്, 20 തവണ രക്തം ദാനം ചെയ്ത വി പ്രമീഷ് എന്നിവര്‍ മികച്ച സന്നദ്ധ പുരുഷ രക്തദാതാക്കള്‍ക്കുള്ള പുരസ്‌കാരവും മികച്ച സന്നദ്ധ സ്ത്രീ ദാതാവിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ് ടി ടി റംലയും കരസ്ഥമാക്കി. ഇതിനോടൊപ്പം മികച്ച സന്നദ്ധ രക്തദാന സംഘടനകളായ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി, ബ്ലഡ് ഡോണേഴ്‌സ് കേരള, കണ്ണൂര്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ലൈഫ് ഡോണേഴ്‌സ് കേരള എന്നിവയുടെ ഭാരവാഹികള്‍ക്കുള്ള പുരസ്‌കാരവും നല്‍കി.
ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ കെ ബി ഷഹീദയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരടക്കം 31 പേര്‍ രക്തദാനം നടത്തി.
എസ്എന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സീന കെ പി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ നാരായണ നായ്ക്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഇ മോഹനന്‍, എളയാവൂര്‍ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ സജീഷ് ചന്ദ്രന്‍, എസ്എന്‍ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ ടി കെ അനിത, ഡോ എം പി ഷനോജ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ രജ്‌ന ദില്‍നാഥ്, ഇരിവേരി സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ സലീം മണിമ, ബ്ലഡ് ഡോണേഴ്‌സ് കേരള സംസ്ഥാന രക്ഷാധികാരി ഡോ ഷാഹുല്‍ ഹമീദ്, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ജോസ് ജോണ്‍, അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ആര്‍എന്‍ടിസിപിയിലെ ഐഇസി കോ-ഓര്‍ഡിനേറ്റര്‍ എം കെ ഉമേഷ് എന്നിവര്‍ സംസാരിച്ചു.