കോലഞ്ചേരി: വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതം വിതച്ച് ദേശീയപാത കയ്യേറി കച്ചവടം നടത്തിവന്നവർക്കെതിരെ പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിഭാഗം നടപടിയെടുത്തു. വെയിറ്റിംഗ് ഷെഡ്ഡിൽ നിന്നും യാത്രക്കാർക്ക് ബസ്സിൽ കയറുന്നതിനു പോലും വഴിയോര കച്ചവടക്കാരുടെ തടസ്സം മൂലം ഏറെ പ്രയാസപ്പെടേണ്ട സ്ഥിതിയായിരുന്നു. ചൂണ്ടി ജംഗ്ഷനിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും നിരന്തര ശല്യമായി കച്ചവടം നടത്തിവന്നിരുന്ന 6 പേർക്കെതിരെ പുത്തൃക്ക ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജി അനാരോഗ്യകരമായ പാതയോര കച്ചവടം ഉടൻ പ്രാബല്യത്തിൽ അവസാനിപ്പിക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

റോഡ് കയ്യേറി മലിനമായ ചുറ്റുപാടിൽ യാതൊരു ശുചിത്വ ക്രമീകരണങ്ങളുമില്ലാതെ അനധികൃതമായി ചൂണ്ടി ജംഗ്ഷനിൽ കച്ചവടം നടത്തിവന്ന തട്ടുകടയുടെ പ്രവർത്തനം ഉദ്യോഗസ്ഥർ അവസാനിപ്പിച്ചു. തട്ടുകട കച്ചവടത്തിനായി ഇരുമ്പു മേശയും ഉപകരണങ്ങളും റോഡിലേയ്ക്ക് തള്ളിനിൽക്കുന്ന രീതിയിൽ സ്ഥാപിച്ചിരുന്നത് ഏറെ അപകട സാധ്യത ഉണ്ടാക്കിയിരുന്നു. അവ നീക്കം ചെയ്യിച്ചു. റോഡ് കയ്യേറി മലിനമായ സ്ഥലത്ത് നടത്തിവന്ന പച്ചക്കറി, പഴവർഗ്ഗ കച്ചവടം ഒഴിപ്പിച്ചു. കടകളിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് രണ്ട് പേർക്കെതിരെ നടപടിയെടുത്തു. കുറ്റം ആവർത്തിക്കുന്നവർക്കെതിരെ കനത്ത പിഴ ഉൾപ്പെടെ കർശന നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എ.സതീഷ്കുമാർ , എസ്.നവാസ്, കെ.കെ.സജീവ്, പി.എസ്.ലിസ്സി (പി. എച്ച്.നഴ്സ്) എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
‘ആരോഗ്യ ജാഗ്രത’യ്ക്കു കീഴിൽ ഭക്ഷ്യജന്യ രോഗ നിയന്ത്രണത്തിനായി, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ-പാനീയ വില്പന ‘ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെ,ഡിക്കൽ ഓഫീസർ ഡോ.അരുൺ ജേക്കബ് അറിയിച്ചു.

ഫോട്ടോ ക്യാപ്ഷൻ: ചൂണ്ടി ജംഗ്ഷനിൽ അനധികൃതമായി കച്ചവടം നടത്തുന്ന കച്ചവടക്കാർ