ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വില്ലേജുകളിലേക്ക് ഇ-പോസ് മെഷിന്‍ വിതരണം ചെയ്തു. എന്‍ഐസി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് ഇതിനാവശ്യമായ സോഫ്റ്റവെയര്‍ രൂപകല്‍പ്പന ചെയ്തത്. വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ക്കുള്ള സാധാരണ പണ കൈമാറ്റവും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നിലനിര്‍ത്തി കൊണ്ടു തന്നെയാണ് പുതുതായി ഇ-പോസ് ഇടപാടുകളും നടപ്പിലാക്കുന്നത്. മെഷിന്‍ ഇടപാടുകള്‍ പ്രചാരത്തിലാകുന്നതോടെ നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.കാര്‍ഡ് വഴി ഇടപാടുകള്‍ നടത്തുന്ന പലര്‍ക്കും നെറ്റ് ബാങ്കിങ് മുഖേന പണമിടപാടുകള്‍ നടത്താന്‍ അറിയാത്ത സാഹചര്യമുണ്ട്.

വില്ലേജ് ഓഫീസുകളില്‍ എത്തുന്ന, ഇത്തരത്തില്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നതോടെ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ കഴിയും. മെഷീന്‍ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചതിനാല്‍ പണം ശേഖരിച്ച് കൈമാറുന്ന ജീവനക്കാരുടെ ജോലിയും എളുപ്പമാകും. ഇത്തരത്തില്‍ വില്ലേജ് ഓഫീസുകളില്‍ ഇ-പോസ് മെഷീനുകളിലൂടെ പണം കൈമാറുന്നതിന് ബാങ്ക് സര്‍വീസ് ചാര്‍ജും ഈടാക്കില്ല.റവന്യൂ ഇ-പേയ്‌മെന്റില്‍ പിഒഎസ്് മൈഷീനുകള്‍ ഉപയോഗിച്ചുള്ള പണമിടപാടിന്റെ ജില്ലാതല ഉദ്ഘാടനവും ഡിജിറ്റല്‍ ഇന്ത്യയുടെ നാലാം വാര്‍ഷികവും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ശീറാം സംബശിവറാവു ഉദ്ഘാടനം ചെയ്തു. വേങ്ങേരി വില്ലേജ് ഓഫീസര്‍ക്ക് മെഷിന്‍ നല്‍കി കൊണ്ട് ഇ-പോസ് മെഷിന്‍ വിതരണ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.

കോഴിക്കോട് തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍,  താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍, അഡി. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ടി ഡി റോളി, ജില്ലാ ഐടി കോ-ഓര്‍ഡിനേറ്റര്‍ സി അജിത്പ്രസാദ്, ജില്ലാ റലിസ് (റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അഡ്മിന്‍ ജയകൃഷ്ണന്‍, കോഴിക്കോട്, താമരശേരി താലൂക്കുകളിലെ വില്ലേജ് ഓഫീസര്‍മാര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാര്‍, വില്ലേജ് അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇ-പോസ് മെഷിന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് പരിശീലവും നല്‍കി. കൊയിലാണ്ടി, വടകര താലൂക്കുകളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലവും മെഷിന്‍ വിതരണവും ചൊവ്വാഴ്ച (2-7-2019) കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.