ചിറ്റൂര്‍ പുഴയുടെ പരിസരത്തുള്ള വലിയ ഏരികളും കൃഷിക്കാരുടെ കൈവശമുള്ള ഏരികളും മണ്ണും ചെളിയും മണലും നീക്കംചെയ്ത് ചിറ്റൂര്‍ പുഴയിലൂടെ ഒഴുകി പോകുന്ന വെള്ളം സംഭരിക്കാനും കുടിവെള്ളത്തിന് ഉപയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.

കമ്പാലത്തറ ഏരി, കുന്നംകാട്ടുപടി വലിയ ഏരി പോലുള്ളവയും കൃഷിക്കാരുടെ കൈവശമുള്ള ഏരികളും വൃത്തിയാക്കി ആഴം കൂട്ടുന്നതിലൂടെ കൃഷിക്ക് ഗുണമേന്മയേറിയ ജൈവവളം ലഭിക്കും. കൂടാതെ ഏരികളില്‍ കൂടുതല്‍ വെള്ളം സംഭരിക്കുന്നതിലൂടെ കുടിവെള്ളക്ഷാമവും പരിഹരിക്കാന്‍ കഴിയും. ജൈവവളം സര്‍ക്കാരിന് വരുമാനം ലഭിക്കാനുള്ള മാര്‍ഗമായതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് അസി.എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ചിറ്റൂര്‍, പാലക്കാട് താലൂക്കില്‍ ഉള്‍പ്പെടുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ ജോലിചെയ്യുന്ന 47 സ്ഥിരം ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം 3760 രൂപയാണെന്നും സര്‍ക്കാര്‍ ജോലിക്കാരെന്ന കാരണത്താല്‍ നിര്‍ത്തലാക്കിയ റേഷന്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കൈമാറാനും യോഗം തീരുമാനിച്ചു. നെന്മാറ വില്ലേജിലെ പേഴുംപാറ പ്ലാക്കരക്കാട് നിവാസികളുടെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതി നെന്മാറ വില്ലേജ് ഓഫീസര്‍ക്ക് കൈമാറുന്നതിന് യോഗം തീരുമാനിച്ചു.

താലൂക്ക് പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങള്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കാനും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിനും നിര്‍ദേശം നല്‍കി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തുവിന്റെ അധ്യക്ഷതയില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ മധു, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മുരുകദാസ്, കെ. ചിന്ന സാമി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.