കൊച്ചി: നാഷണൽ ലോക് അദാലത്തിൽ ജില്ലയിൽ 35 കോടി രൂപയുടെ കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലിരിക്കുന്ന കേസുകൾ വാദികൾക്കും എതിർകക്ഷിക്കും ഗുണകരമായ രീതിയിൽ ഒത്തുതീർപ്പാക്കുവാനുള്ള അവസരമാണ് നാഷണൽ ലോക് അദാലത്ത് ഒരുക്കിയത്.

കോടതികളിൽ നിലവിലുള്ള കേസുകൾ കൂടാതെ പൊതുജനം നേരിട്ടു നൽകുന്ന പരാതികളും പരിഗണിച്ചു. ബാങ്ക്, വൈദ്യുതി, റവന്യു, വെള്ളക്കരം, ടെലിഫോൺ കമ്പനികളുമായി ബന്ധപ്പെട്ട കുടിശ്ശിക തുകകൾക്ക് റവന്യു റിക്കവറി പോലുള്ള നിയമ നടപടികൾ തുടങ്ങും മുൻപ് ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കുവാൻ അദാലത്തിൽ അവസരം ഒരുക്കി. കൂടാതെ രജിസ്റ്റർ ചെയ്തിരിക്കുന്ന ആധാരത്തിൽ വില കുറച്ച് കാണിച്ചിരിക്കുന്നതിന് ഈടാക്കാവുന്ന പിഴ തുക നിയമ നടപടികൾ തുടങ്ങും മുൻപ് ഇളവുകളോടെ ഒത്തുതീർപ്പാക്കുന്നതിനും അവസരം അദാലത്തിലുണ്ടായിരുന്നു.
കക്ഷികൾ തമ്മിലുള്ള സിവിൽ കേസുകൾ, കുടുംബ കോടതി വിഷയങ്ങൾ, വിചാരണ ഒഴിവാക്കാവുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ ക്രിമിനൽ കേസുകൾ, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഒത്ത് തീർപ്പിനുള്ള കേസുകളും അദാലത്തിൽ പരിഗണിച്ചു.
12 ബൂത്തുകൾ അദാലത്തിൽ പ്രവർത്തിച്ചു .

രണ്ട് വർഷം മുൻപ് സീപോർട്ട് എയർപോർട്ട് റോഡിൽ ലോറി ഇടിച്ച് മരണപ്പെട്ട ഇടുക്കി ഉപ്പുതറ സ്വദേശി ജോബിൻ ഹീബറിന്റെ മാതാപിതാകൾക്ക് മോട്ടോർ വാഹന അപകട നഷ്ടപരിഹാരമായി 30 ലക്ഷം രൂപ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകാൻ തീരുമാനമായി. കൂടാതെ 915 മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകളിലായി 160,64,2010 രൂപയുടെ നഷ്ടപരിഹാരത്തുക നൽകാൻ തീരുമാനമായി.

കുടുംബ കോടതിയുമായി ബന്ധപ്പെട്ട 30 കേസുകളിൽ 13 എണ്ണം തീർപ്പാക്കി. ജീവനാംശം ആവശ്യപ്പെട്ട് രണ്ട് കുടുംബങ്ങൾ രമ്യതയിലായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.

പിഴയടച്ച് തീർക്കാവുന്ന 511 ക്രിമിനൽ കേസുകൾ പരിഗണിച്ചതിൽ 261 കേസുകൾ തീർപ്പാക്കി. 8,40,000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു. എൻ ഐ ആക്ടിൽ 63 കേസുകൾ പരിഗണിച്ചു. 24 കേസുകൾ 58,73,528 രൂപയ്ക്ക് തീർപ്പാക്കി .

ജിസിഡിഎയുമായി ബന്ധപ്പെ 70 വാടക തർക്ക കേസുകൾ ഉൾപ്പടെ 77 സിവിൽ കേസുകൾ പരിഗണിച്ചു. 32 കേസുകൾ 81,01,304 രൂപയ്ക്ക് തീർപ്പാക്കി. ജോലിസംബന്ധമായ ആറു കേസുകൾ പരിഗണിച്ചതിൽ ഒരെണ്ണം നാല് ലക്ഷം രൂപയ്ക്ക് തീർപ്പാക്കി.

ബാങ്ക് റിക്കവറിയുമായി ബന്ധപ്പെട്ട് പരിഗണിച്ച 14 കേസുകളിൽ 3 എണ്ണം 19,64,696 രൂപയ്ക്ക് തീർപ്പാക്കി. വസ്തു തർക്കവുമായി ബന്ധപ്പെട്ട് പരിഗണിച്ച് 38 കേസുകളിൽ ഒരെണ്ണം തീർപ്പാക്കി.

ബാങ്കുമായി ബന്ധപ്പെട്ട് 1477 തർക്ക പരാതികൾ പരിഗണിച്ചു. ഇതിൽ 803 എണ്ണം 80,41,4458 രൂപയ്ക്ക് തീർപ്പാക്കി. റജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട 300 തർക്ക പരാതികൾ പരിഗണിച്ചു. 250 പരാതികൾ 9 കോടി രൂപയ്ക്ക് തീർപ്പാക്കി. 400 മറ്റ് തർക്ക പരാതികൾ പരിഗണിച്ചതിൽ 106 എണ്ണം 26, 26, 750 രൂപയ്ക്ക് തീർപ്പാക്കി.