* ക്വാർട്ടേഴ്സുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു

സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സുകളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരാതികൾ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷൻ നേതാജിനഗറിൽ സർക്കാർ ജീവനക്കാർക്കായി പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ക്വാർട്ടേഴ്സുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും വലിയ തോതിൽ ശ്രദ്ധക്കുറവ് വരുന്നതായുള്ള പരാതിയുണ്ട്. വീഴ്ചകൾ പരിഹരിക്കാൻ ശ്രദ്ധിക്കണം. ചില ക്വാർട്ടേഴ്സുകൾ നിലനിൽക്കുന്നിടത്ത് മരങ്ങളും മറ്റും അപകടകരമായി നിൽക്കുന്നുണ്ടെങ്കിൽ അത് ഴെിവാക്കണം വെള്ളക്കുടിശികയും മറ്റും കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ ജല അതോറിറ്റി പ്രത്യേക അദാലത്തുകൾ നടത്താൻ ശ്ര്ദ്ധിക്കണം.

സർക്കാർ ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ ഇനിയുമുണ്ടാകും. പ്രളയത്തിനു ശേഷമുള്ള പുനർനിർമാണത്തിന്റെ കാര്യത്തിൽ തികഞ്ഞ ഇച്ഛാശക്തിയോടെയും ദീർഘവീക്ഷണത്തോടെയുമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നിർമിച്ച കെട്ടിടങ്ങൾ വലിയതോതിലുള്ള പ്രശംസ നേടുന്നതായി അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പതിനായിരം കുടുംബങ്ങൾക്ക് താമസിക്കാൻ ആവശ്യമായ സർക്കാർ ക്വാർട്ടേഴ്സുകൾ നിലവിൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മേയർ അഡ്വ. വി.കെ. പ്രശാന്ത്, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധനറാവു, പിഡബ്ള്യൂഡി ചീഫ് എൻജിനീയർ ഇ.കെ. ഹൈദ്രു, സൂപ്രണ്ടിംഗ് എൻജിനീയർ ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
മൂന്ന് ബ്ളോക്കുകളിലായി 18 അപ്പാർട്ട്മെന്റുകളാണ് നിർമിക്കുന്നത്. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കും