വടക്കന്‍ ജില്ലകളിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായി വാഹനങ്ങള്‍ പുറപ്പെട്ടു. തിരുവല്ല വില്ലേജ് സൂക്കിന് സമീപം  മാത്യു ടി തോമസ് എംഎല്‍എ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. നാല് ടോറസ് ലോറികളിലായി 35 ലക്ഷത്തില്‍പ്പരം രൂപയുടെ സാധനങ്ങളാണ് ഉളളത്.  നന്മയുടെ പലതുള്ളിക്കൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തിനായി ജില്ലാ കുടുംബശ്രീ മിഷന്റെ 20 അംഗ സംഘവും കൂടെയുണ്ട്.
പന്തളത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌ക്, തിരുവല്ലയിലെ വില്ലേജ് സൂക്ക്, ഇലന്തൂര്‍ കമ്യൂണിറ്റി ഹാള്‍, കോഴഞ്ചേരി, റാന്നി പഴവങ്ങാടി, വടശേരിക്കര, കോന്നി, അടൂര്‍ സിഡിഎസ് ഓഫീസുകള്‍, പറക്കോട്  വിഇപി ബ്ലോക്ക് ഓഫീസ് എന്നിങ്ങനെ ഒന്‍പത് ശേഖരണ കേന്ദ്രങ്ങളില്‍ നിന്നാണ് ജില്ലാ മിഷന്‍ സാധനങ്ങള്‍ ശേഖരിച്ചത്.
അയല്‍ക്കൂട്ടതലത്തിലും, വാര്‍ഡ് തലത്തിലും സാധനങ്ങള്‍ ശേഖരിച്ചിരുന്നു. സി ഡി എസ് ഓഫീസുകള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍, ജില്ലാ മിഷന്‍ സ്റ്റാഫുകള്‍ എന്നിവര്‍ നേരിട്ടെത്തിച്ച സാധനങ്ങള്‍ തരം തിരിച്ച് പായ്ക്ക് ചെയ്താണ് അയച്ചത്. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, എഡിഎംസിമാരായ എ മണികണ്ഠന്‍, കെ.എച്ച് സെലീന എന്നിവര്‍ നേതൃത്വം നല്‍കി. 58 സിഡിഎസുകളിലായി 9965 അയല്‍ക്കൂട്ടങ്ങളാണ് ജില്ലയിലുള്ളത്.
മുപ്പതിനായിരം മുതല്‍ രണ്ടര ലക്ഷം രൂപ വരെ വിലയുള്ള സാധനങ്ങളാണ് ഓരോ സിഡിഎസും എത്തിച്ചത്. മലപ്പുറത്തിനും കല്‍പ്പറ്റയ്ക്കും രണ്ടു ലോറികള്‍ വീതമാണ് പുറപ്പെട്ടത്. ഒപ്പമുള്ള 20 അംഗ സംഘം ഇന്നലെയും, ഇന്നുമായി മലപ്പുറത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും.