പാലക്കാട്: ജല ബജറ്റ് തയ്യാറാക്കി കാര്‍ഷിക രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വാട്ടര്‍ ഷെഡ് പദ്ധതിയിലൂടെ 20 വര്‍ഷം വരെ മുന്‍കൂട്ടികണ്ട് തുടങ്ങണമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഇതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാര്‍ഷിക കോളേജുകളും കര്‍ഷകര്‍ക്ക് സഹായമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം ചിറ്റൂരില്‍ സംഘടിപ്പിച്ച കിസാന്‍ മേള ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വെള്ളം കൂടുതല്‍ പ്ര.ാേഗിക്കുക വഴിയല്ല, മികച്ച വിളവ് കിട്ടുന്നത്. കൃത്യമായ അളവില്‍ ജലം ലഭ്യമാക്കുന്നുണ്ടെന്ന് കര്‍ഷകരെ ബോധ്യമാക്കാന്‍ കഴിയണം. മൈക്രോ ഇറിഗേഷന്‍, പ്രിസിഷന്‍ ഫാമിംഗ്, കമ്മ്യൂണിറ്റി ഫാമിംഗ് എന്നിവ പ്രായോഗികമാക്കണം. കൃഷിക്കാര്‍, കൃഷി ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ സംയുക്തമായി കാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കണം.

ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കനാല്‍ വഴിയുള്ള ജലവിതരണം കാര്യക്ഷമമാക്കാന്‍ ഫാര്‍മേഴ്സ് ക്ലബുകള്‍ക്ക് ചുമതല നല്‍കും. കൃഷി ലാഭകരമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്നും മന്ത്രി പറഞ്ഞു.

ജല വിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍, കാര്‍ഷിക മുറകള്‍, ജല സംഭരണ -സംരക്ഷണ രീതികള്‍ സംബന്ധിച്ച് പൊതു സമൂഹത്തിന് അവബോധം നല്‍കുന്നതിന്റെ ഭാഗമായാണ് കിസാന്‍ മേള സംഘടിപ്പിച്ചത്.

ജലശക്തി അഭിയാന്‍, വനവത്കരണം, ജല വിനിയോഗ സാങ്കേതിക വിദ്യകള്‍, ജല വിഭവ പരിപാലനം, മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുത്ത സെമിനാറുകളും കര്‍ഷകര്‍ക്കായി മണ്ണ് പരിശോധനയും പ്രദര്‍ശന മേളയും
നടന്നു.

ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. രമ്യ ഹരിദാസ് എം പി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.മധു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ധന്യ, പെരുമാട്ടി, പട്ടഞ്ചേരി, വടവന്നൂര്‍, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.എം. ഇസ്രായേല്‍ തോമസ്, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.