പത്തനംതിട്ട: നിങ്ങള്‍ക്ക് റേഷന്‍ കിട്ടാറില്ലെ… കൃത്യമായ അളവിലും തൂക്കത്തിലും കിട്ടിയില്ലെങ്കില്‍ പരാതി നല്‍കാമെന്ന് അറിയാമോ..? എന്നാല്‍ അറിയുക, എല്ലാവരുടെയും ഭക്ഷ്യ അവകാശം ഉറപ്പ് വരുത്തുകയാണ് ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഭക്ഷ്യ ഭദ്രതാ  നിയമം 2013 നെ കുറിച്ച് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച ശില്പശാലയിലാണ് ഇത്തരം കാര്യങ്ങളും ചര്‍ച്ചയായത്.
2013ല്‍ നിലവില്‍ വന്നതും കേരളത്തില്‍ 2016 നവംബര്‍ മുതല്‍ നടപ്പിലാക്കിയതുമായ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ  പ്രഥമലക്ഷ്യം എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷയും ഭക്ഷ്യ അവകാശവും ഉറപ്പുവരുത്തുക എന്നതാണ്.  ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് പൊതുവിതരണ രംഗത്ത് വലിയ മാറ്റങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ  നിയമത്തിന്റെ പരിധിയില്‍ മുഴുവന്‍ ഗുണഭോക്താക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റേഷനിംഗ് സമ്പ്രദായമാണ് സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു വ്യക്തിക്ക് അഞ്ചു കിലോ ഗ്രാം ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്നു. കൂടാതെ അന്ത്യോദയ അന്ന യോജന കാര്‍ഡിന് മാസം 35 കിലോ ഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
ഭക്ഷ്യഭദ്രതാ നിയമപ്രകാരം അന്ത്യോദയ അന്ന യോജന(എ.എ.വൈ)യും മുന്‍ഗണനാ വിഭാഗം എന്നിങ്ങനെ രണ്ടുതരം കാര്‍ഡുകളാണുള്ളത്. എന്നാല്‍ ഭക്ഷ്യഉല്‍പ്പന്ന ഉത്പാദനം കുറഞ്ഞ കേരളത്തില്‍ പൊതുവിഭാഗം സബ്‌സിഡി, പൊതുവിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി നാലു വിഭാഗം ഗുണഭോക്തൃ റേഷന്‍ കാര്‍ഡുകളാണുള്ളത്.
കമ്പ്യൂട്ടര്‍വത്ക്കരണം വന്നതോടെ ഇ-പോസ്(ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷീനുകളുടെ സഹായത്തോടെ ഗുണഭോക്താവിനെ തിരിച്ചറിഞ്ഞാണ് നിലവില്‍ റേഷന്‍വിതരണം സാധ്യമാക്കുന്നത്. ആധാര്‍ ബേയ്‌സ്ഡ് ബയോമെട്രിക് ഓതന്റിക്കേഷന്‍(എ ബി ബി എ)വഴിയാണ് ഇ-പോസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.  ഇതുവഴി കൃത്യമായ അളവില്‍ ഗുണഭോക്താവിന് റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിയും. കാര്‍ഡ്  ഉടമയുടെ വിരല്‍  സ്‌കാന്‍ ചെയ്യുന്നതിലൂടെയാണ് ഉപഭോക്താവിനു പ്രതിമാസ റേഷന്റെ വിവരങ്ങള്‍ ലഭ്യമാകുന്നത്. അര്‍ഹമായ റേഷന്‍ കിട്ടിയില്ലെങ്കില്‍ പരാതി നല്‍കാം. ഇതുപ്രകാരം നഷ്ടപരിഹാരവും ലഭിക്കും. ഭക്ഷ്യഭദ്രതാ ബത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഷ്ടപരിഹാരത്തിന് പരാതി നല്‍കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്.  റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനു പ്രാദേശിക തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണു ചുമതല.  റേഷന്‍ കടകള്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സോഷ്യല്‍ ഓഡിറ്റിംഗ്, വിജിലന്‍സ് കമ്മിറ്റികളും നിലവിലുണ്ട്. സംസ്ഥാനം, ജില്ലാതല, താലൂക്ക്തല, പഞ്ചായത്ത് തലത്തില്‍ വിജിലന്‍സ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റോക്ക് പരിശോധനകള്‍ ഉള്‍പ്പെടെ നടത്താനുള്ള അവകാശവും ഈ കമ്മിറ്റികള്‍ക്കുണ്ട്.
ഭക്ഷ്യഭദ്രത മാത്രമല്ല പോഷകാഹാര ഭദ്രതയും ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഉറപ്പുനല്‍കുന്നു. ആറുമാസം മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണം നല്‍കണം.  ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേകം പോഷകാഹാരവും ഉറപ്പാക്കുന്നു.
പോര്‍ട്ടബിലിറ്റി സംവിധാനം പൂര്‍ണ്ണ സജ്ജമാകുന്നതോടെ റേഷന്‍ സാധനങ്ങള്‍ ഇന്ത്യയില്‍ എവിടെനിന്നും വാങ്ങാന്‍ ഗുണഭോക്താവിനു കഴിയും. നിലവില്‍ സംസ്ഥാനത്ത് ഏത് റേഷന്‍ കടയില്‍ നിന്നും ഗുണഭോക്താവിന് റേഷന്‍ വാങ്ങാവുന്നതാണ്. പ്രോക്‌സി സംവിധാനവും നിലവിലുണ്ട്. ഇതുപ്രകാരം, ഗുരുതര രോഗം, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി റേഷന്‍ വാങ്ങുന്നതിന് മറ്റൊരാളെ ചുമതലപ്പെടുത്തുന്നതിനാണ് പ്രോക്‌സി. തുടര്‍ച്ചയായി മൂന്നു മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കും. എന്നാല്‍ റേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് ആറുമാസത്തെ കാലാവധിയില്‍ റേഷന്‍ വേണ്ടെന്ന് അറിയിക്കാനും സംവിധാനമുണ്ട്. പരാതി പരിഹാര സംവിധാനത്തിലൂടെ  (pg.civilsuplieskerala.gov.in എന്ന വെബ്‌സൈറ്റിലൂടെ) ഓണ്‍ലൈനായും പരാതി  സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ‘എന്റെ റേഷന്‍ കാര്‍ഡ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനും നിലവിലുണ്ട്.
പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ശില്പശാല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്(എ ഡി എം) അലക്സ് പി തോമസ് ഉദ്ഘാടനം ചെയ്തു.  ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഇ- പോസ് മെഷീനുകളുടെ പ്രവര്‍ത്തന രീതികളെകുറിച്ചും പൊതു വിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.എന്‍ വിനോദ്കുമാര്‍ ക്ലാസുകള്‍ നയിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സുരേഷ് കുമാര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി ബിജു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.