വിവിധ നിയമ സംവിധാനങ്ങളിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന നീതി പിന്നീട് നിഷേധിക്കപ്പെടുന്നുവെന്ന്  സംസ്ഥാന വനിതാ കമ്മീഷന്‍.  ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ മെഗാ അദാലത്തിലാണ് പരാമര്‍ശം. ഇതേ കാരണവുമായി ഒട്ടേറെ പരാതികള്‍ ലഭിക്കുന്നുണ്ട്.
മദ്യപാനിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു എന്ന പരാതിയില്‍ ഭാര്യയേയും മക്കളേയും  സംരക്ഷിക്കാമെന്ന വ്യവസ്ഥയില്‍ പരിഹാരം കണ്ടെങ്കിലും വീണ്ടും ഉപേക്ഷിക്കപ്പെട്ടാണ് കമ്മീഷന് മുന്നില്‍ പരാതിയുമായി ഒരു സ്ത്രീ എത്തിയത്.  ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്തുന്നതിനുള്ള ചികിത്സയ്ക്കും കൗണ്‍സിലിങ്ങിനുമുള്ള നടപടികള്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.  മറ്റ് മൂന്ന് പരാതികള്‍  എതിര്‍കക്ഷി ഹാജരാകാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചു.
നാല് വര്‍ഷമായി പിരിഞ്ഞു താമസിക്കുന്നവരെ ഒന്നിപ്പിക്കാനുള്ള തീരുമാനവും കമ്മീഷന്‍ കൈക്കൊണ്ടു. ആര്യങ്കാവ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് തീര്‍പ്പ്. ഇവരുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി മക്കള്‍ക്ക് ഓണക്കോടി വാങ്ങാനുള്ള പണവും വാങ്ങി നല്‍കിയാണ് കുടുംബത്തോടൊപ്പം ഒന്നിച്ച് താമസിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.
അദാലത്തില്‍ 80 പരാതികള്‍ പരിഗണിച്ചു.  14   പരാതികള്‍ തീര്‍പ്പാക്കി.  രണ്ട്  എണ്ണം  വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടുന്നതിനായി  മാറ്റി വച്ചു. 64 പരാതികള്‍ അടുത്ത അദാലത്തിലേക്കാണ് മാറ്റിയത്.
കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷാഹിദ കമാല്‍, ഇ.എം. രാധ,  അഡ്വ. എം.എസ്. താര, സി ഐ  എം.സുരേഷ് കുമാര്‍, അഡ്വ ആര്‍ സരിത, അഡ്വ ജയ കമലാസനന്‍, അഡ്വ ഹേമ ശങ്കര്‍, അഡ്വ ബെച്ചി കൃഷ്ണ, കൗണ്‍സിലര്‍  സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍  പങ്കെടുത്തു. അടുത്ത അദാലത്ത് സെപ്റ്റംബര്‍ മൂന്നിന് നടക്കും.