ഇടുക്കി: ഓണക്കാലത്തോട് അനുബന്ധിച്ച്  ജില്ലാതല ഓണം ഫെയര്‍ നെടുങ്കണ്ടം പഞ്ചായത്ത് കമ്യുണിറ്റി ഹാളിലും കൂടാതെ എല്ലാ താലൂക്കുകളിലും സപ്ലൈകോ ഓണം  ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. മാവേലി സ്റ്റോര്‍, സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന എല്ലാ ഉത്പന്നങ്ങളും അതേ വിലക്ക് ഓണം ഫെയറിലും ലഭ്യമാകും.

പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, അരിക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍, സബ്സിഡി നോണ്‍- സബ്സിഡി ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയും വിപണനത്തിനായി ഓണം ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ഇവ കൂടാതെ ഹോര്‍ട്ടി കോര്‍പിന്റെ നേതൃത്വത്തില്‍ പഴം-പച്ചക്കറി സ്റ്റോറും ഉണ്ട്.

കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന   ജൈവകാര്‍ഷിക ഉത്പന്നങ്ങള്‍ കമ്പോള വിലയേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ വില കുറച്ചാണ് ഓണം ഫെയറില്‍ വില്‍ക്കുന്നത്. കൂടാതെ കുടുംബശ്രീയുടെ നേതൃത്വത്തിലും ജില്ലാ ഫെയറിന്റെ ഭാഗമായി വിപണന മേള ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ സംഘങ്ങളുടെ ഉത്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.  വാഴക്ക, ചക്ക ഉപ്പേരികള്‍, ശര്‍ക്കരവരട്ടി, ഉണ്ണിയപ്പം, അച്ചപ്പം, മുറുക്ക് തുടങ്ങി വിവിധയിനം പലഹാരങ്ങള്‍, മാങ്ങ, നാരങ്ങ, പൈനാപ്പിള്‍, ഈന്തക്ക, മുളക് തുടങ്ങി വിവിധയിനം അച്ചാറുകള്‍,  വിവിധ ഇനം തുണിത്തരങ്ങള്‍, തുടങ്ങി നിരവധി  കുടുംബശ്രീ ഉത്പന്നങ്ങളും  ഓണാഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ വിപണന മേളയിലുണ്ട്.

ഇവയ്ക്കെല്ലാം പുറമെ ഓണക്കാല വിപണിക്കൊപ്പം സമ്മാനമഴ എന്നപേരില്‍ സമ്മാനപദ്ധതിയും സപ്ലൈക്കോ ഒരുക്കിയിട്ടുണ്ട്. ദിവസം തോറുമുള്ള നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താവിന്് ഒരു പവന്‍ സ്വര്‍ണ്ണം വരെ നേടാന്‍ അവസരമുണ്ട്.