ഇടുക്കി: 90 വര്‍ഷം പൂര്‍ത്തിയാക്കിയ മണക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ആധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ മന്ദിരത്തിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിഡിപിയുടെ സഹായത്തോടുകൂടി 97 ലക്ഷം രൂപ മുതല്‍മുടക്കി  നിര്‍മ്മിച്ചിരിക്കുന്ന ഈ മന്ദിരം നവതി സ്മാരക മന്ദിരമായി അറിയപ്പെടും. പി ജെ ജോസഫ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നവതി സ്മാരക മന്ദിരത്തിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു.

മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന നീതി സൂപ്പര്‍മാര്‍ക്കറ്റ്, എക്കോ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി  ആന്റണിയും  മന്ദിരത്തില്‍ പണികഴിപ്പിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണും നിര്‍വ്വഹിച്ചു.

സഹകരണ പ്രസ്ഥാനം സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഒന്നാണെന്ന്  മന്ത്രി  എംഎം മണി പറഞ്ഞു. സഹകരണ മേഖല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു  മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ ആണെന്നും ക്രമക്കേട് കാണിച്ചാല്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ് സഹകരണ മേഖല എന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ നിര്‍മ്മാര്‍ജ്ജനം ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്,  മാലിന്യമുക്തമായ ഒരു കേരളം സൃഷ്ടിക്കുന്നതിന് ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും എല്ലാതരത്തിലും ശ്രമിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വീസ് സഹകരണ ബാങ്കിലെ വിവിധ വായ്പാ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. കൂടാതെ ബാങ്കിന്റെ മഴമറകൃഷിയില്‍ നിന്നും ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ലേലം ചെയ്യുകയും അതില്‍ നിന്നും ലഭിച്ച തുക പാലിയേറ്റീവ് കെയറിലേക്ക് സംഭാവന  നല്‍കുകയും ചെയ്തു.

അറക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം തൊടുപുഴ താലൂക്കില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും സമ്മേളനത്തില്‍  മന്ത്രി നിര്‍വഹിച്ചു. 5 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ അറക്കുളം പഞ്ചായത്തിലെ സുഭദ്ര കൃഷ്ണന്‍കുട്ടിക്കാണ് കൈമാറിയത്.

മണക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി ബി ദിലീപ് കുമാര്‍, സെക്രട്ടറി നിര്‍മ്മല്‍ ഷാജി, ഇടുക്കി ജോയിന്‍ രജിസ്റ്റര്‍ ഷെര്‍ലി എസ്, ഇടുക്കി ജോയിന്റ് ഡയറക്ടര്‍ കുഞ്ഞുമുഹമ്മദ് കെ എസ്, മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ്,  ഡെപ്യൂട്ടി രജിസ്ട്രാര്‍ സുരേഷ് കുമാര്‍ കെ എം, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ ആര്‍ രാജേഷ്, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ വി വി  മത്തായി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബാബു പരമേശ്വരന്‍, ബിന്ദു പത്മകുമാര്‍ തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് അംഗങ്ങളും പരിപാടിയില്‍ സംസാരിച്ചു.