തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് പേപ്പാറ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ അഞ്ചു സെന്‍റിമീറ്റര്‍ വീതം തുറന്നത്. ജലനിരപ്പ് 107.50 മീറ്റര്‍ എത്തിയതിനെത്തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഡാം തുറക്കാന്‍ തീരുമാനമുണ്ടായത്. 110.50 മീറ്ററാണ് പേപ്പാറ ഡാമിന്‍റെ പരാവധി ശേഷി. ജലനിരപ്പ് 107.25 എത്തിയതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് പേപ്പാറയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ജലനിരപ്പ് നിയന്ത്രിക്കാനായി ഒരാഴ്ചയായി 24 മണിക്കൂര്‍ വൈദ്യുതോല്‍പ്പാദനവും നടത്തുന്നുണ്ട്. പക്ഷേ വൈദ്യുതബന്ധം ഇടയ്ക്കു മുടങ്ങുന്നതിനാല്‍ വൈദ്യുതോല്‍പ്പാദനത്തിനും തടസ്സം നേരിടുന്നുണ്ട്. പേപ്പാറയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താവും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

പേപ്പാറയ്ക്കൊപ്പം അരുവിക്കര ഡാമിന്‍റെയും ഒരു ഷട്ടര്‍ 40 സെന്‍റീമീറ്റര്‍ തുറന്നിട്ടുണ്ട്. 46.40 മീറ്ററാണ് റിസര്‍വോയറിലെ ജലനിരപ്പ്. ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനയാറ്റില്‍ ജലനിരപ്പ് കൂടുന്നതുകൊണ്ട് പൊതുജനങ്ങള്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.