*റീജിയണൽ കാൻസർസെന്ററും  മാലദ്വീപ് ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഒപ്പുവച്ചു

മാലദ്വീപിലെ കാൻസർ ചികിത്സാരംഗം മെച്ചപ്പെടുത്തുന്നതിന് കേരളത്തിന്റെ കൈത്താങ്ങ്. കേരള സർക്കാരും റീജിയണൽ കാൻസർസെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ എന്നിവർ ചേർന്ന് സഹകരണ കരാർ (എം.ഒ.യു.) മാലദ്വീപ് ആരോഗ്യമന്ത്രി അബ്ദുള്ള അമീന് കൈമാറി.

റീജിയണൽ കാൻസർ സെന്ററിനു വേണ്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയും മാലദ്വീപ് സർക്കാരിന് വേണ്ടി മാലദ്വീപ് ആരോഗ്യ മന്ത്രി അബ്ദുള്ള അമീനുമാണ് കരാറിൽ ഒപ്പിട്ടത്.
തുടർന്ന് ആർ.സി.സി.യിൽ ആരോഗ്യമന്ത്രിയും മാലദ്വീപ് ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും ഉൾപ്പെടെ സന്ദർശനം നടത്തി. സഹകരണ കരാർ സംബന്ധിച്ച് വിശകലനം നടത്തി.

 

കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളവും മാലദ്വീപുമായി അടുത്ത ബന്ധമാണുള്ളത്.

ഈ കരാറിലൂടെ മാലദ്വീപ് നിവാസികൾക്ക് ചികിത്സാരംഗത്ത് വലിയ പുരോഗതിയുണ്ടാക്കാൻ സാധിക്കും. ഇതോടൊപ്പം കേരളത്തിനും വലിയ അനുഭവ സമ്പത്ത് നേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യസംരക്ഷണത്തിന് മാലദ്വീപ് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

മാലദ്വീപിലെ ജനങ്ങൾക്ക് വലിയ സഹായമാണ് കേരളം നൽകിയിരിക്കുന്നതെന്ന് മാലദ്വീപ് ആരോഗ്യമന്ത്രി അബ്ദുള്ള അമീൻ പറഞ്ഞു. ഇതിലൂടെ കാൻസറിനെതിരെ കേരളത്തിനും മാലദ്വീപിനും ഒന്നിച്ച് പൊരുതാൻ കഴിയും. ആഗോളശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ് ആർ. സി. സി. ഏറെ അനുഭവ പരിചയമുള്ള ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്.

ആ അനുഭവസമ്പത്ത് മാലദ്വീപിലെ ജനങ്ങൾക്ക് സഹായകരമാകുമെന്നും അബ്ദുള്ള അമീൻ വ്യക്തമാക്കി. നിലവിൽ പ്രതിവർഷം ഇരുന്നൂറു മുതൽ മുന്നൂറു വരെ മാലദ്വീപു നിവാസികളാണ് ചികിത്സയ്ക്കായി ആർ. സി. സി.യിലെത്തുന്നത്.

കാൻസർ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലുമുള്ള റീജിയണൽ കാൻസർ സെന്ററിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കാൻസർ പ്രതിരോധം, കാൻസർ ചികിത്സ, രോഗനിർണയസൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കുന്നതിൽ റീജിയണൽ കാൻസർ സെന്റർ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കും. ഇതുവഴി മാലദ്വീപിലെ ജനങ്ങൾക്ക് ഗുണന്മേയുള്ള കാൻസർ ചികിത്സാ പരിചരണം ലഭ്യമാക്കാൻ കഴിയും.

മാലദ്വീപിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ലബോറട്ടറി ജീവനക്കാർ എന്നിവർക്ക് ആർ.സി.സി.യിൽ പ്രത്യേക പരിശീലനം നൽകും. തുടർ വിദ്യാഭ്യാസപരിപാടിയിലൂടെ, മാലദ്വീപിലെ കാൻസർ ആശുപത്രിയിൽ പ്രവർത്തിക്കുന്നവർക്ക് കാൻസർ ചികിത്സ രോഗനിർണയ രംഗത്തെ നൂതന സങ്കേതങ്ങൾ പരിചയപ്പെടുത്താനും ആർ.സി.സി. സൗകര്യമൊരുക്കും.

ആർ.സി.സി.യിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവർക്ക് മാലദ്വീപിലെ കാൻസർ ആശുപത്രികളിൽ ഡെപ്യുട്ടേഷൻ നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്.

റേഡിയേഷൻ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ഒരുമിച്ചിരുന്ന് ചർച്ചകളിലൂടെ ചികിത്സ നിശ്ചയിക്കുന്ന മൾട്ടിഡിസിപ്ലിനറി ട്യൂമർ ബോർഡ് സംവിധാനവും മാലദ്വീപിലെ ജനങ്ങൾക്ക് ഉപയോഗപ്പെടത്തക്ക വിധത്തിലാണ് പരിശീലനം നൽകുന്നത്.

പതോളജി, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, അനസ്‌തേഷ്യോളജി, മൈക്രോബയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ലബോറട്ടറി സർവീസ്, നഴ്‌സിംഗ് സർവീസ് തുടങ്ങിയ വിഭാഗങ്ങളിലെ നൂതന സങ്കേതങ്ങളും മാലദ്വീപിലെ കാൻസർ ചികിത്സകൾക്ക് പരിചയപ്പെടുത്താൻ ഈ കരാർ ഉപയോഗപ്പെടും.

ഇന്ത്യയിലെ ആദ്യത്തെ പീഡിയാട്രിക് ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്ന ആർ.സി.സിയിൽ കുട്ടികളുടെ കാൻസർ ചികിത്സയ്ക്കുള്ള പരിചരണ സങ്കേതങ്ങൾ ഉള്ളതും ഈ കരാർ കൂടുതൽ പ്രസക്തമാക്കുന്നുണ്ട് .

മാലദ്വീപിൽ ഒരു കാൻസർ രജിസ്ട്രി സ്ഥാപിക്കാനുള്ള സഹായവും ആർ.സി.സി. നൽകും. ആർ.സി.സി.യിലെ കാൻസർ രജിസ്ട്രി വിഭാഗത്തിന്റെ വൈദഗ്ധ്യവും അനുഭവജ്ഞാനവും ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം.

അതുപോലെതന്നെ സാന്ത്വന ചികിത്സയിൽ ആർ.സി.സി. കൈവരിച്ച നേട്ടങ്ങളും കമ്പ്യൂട്ടർവൽകൃത വിവരവിനിമയ സങ്കേതങ്ങളുമൊക്കെ പുതിയ കാൻസർ ആശുപത്രികൾ മാലദ്വീപിൽ സ്ഥാപിക്കുമ്പോൾ പ്രയോജനപ്പെടുത്താം. ടെലിമെഡിസിൻ സാങ്കേതികവിദ്യയും ഇവിടെ ഉപയോഗപ്പെടുത്താം.

കാൻസർ ചികിത്സ നിയന്ത്രണരംഗത്തു മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആർ.സി.സി.യിൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ള നിരവധി കോഴ്‌സുകൾ നടത്തുന്നുണ്ട്.

എം.ഡി. റേഡിയോതെറാപ്പി, എം.ഡി. അനസ്‌തേഷ്യ, എം.ഡി. പാത്തോളജി, എം.സി.എച്ച്. സർജിക്കൽ ഓങ്കോളജി, എം.സി.എച്ച്. ഹെഡ്&നെക്ക് സർജറി, എം.സി.എച്ച്. ഗൈനക്കോളജിക്കൽ ഓങ്കോളജി, ഡി.എം. മെഡിക്കൽ ഓങ്കോളജി, ഡി.എം. പീഡിയാട്രിക് ഓങ്കോളജി എന്നിവയുൾപ്പടെ നിരവധി കോഴ്‌സുകൾ ആർ.സി.സി.യിൽ നടക്കുന്നതിനാൽ, മാലദ്വീപിൽ നിന്നും പരിശീലനത്തിനായി എത്തുന്ന ഡോക്ടർമാർക്കും മറ്റു പാരാമെഡിക്കൽ വിദഗ്ദ്ധർക്കും ഈ അധ്യാപന പരിചയം പ്രയോജനപ്പെടുത്താം.

ഇതിനു പുറമേ, ഗ്രാമപ്രദേശങ്ങങ്ങളിൽ ഉള്ളവർക്ക് ആർ.സി.സി.യുടെ സേവനം വീട്ടുപടിക്കൽ എത്തിക്കുന്നതിനായി എറണാകുളം, പാലക്കാട്, കരുനാഗപ്പള്ളി, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആർ.സി.സി.യുടെ ഉപകേന്ദ്രങ്ങളുടെ പ്രവർത്തന രീതിയും മാലദ്വീപിന് ഉപകാരപ്പെടും.

മാലദ്വീപ് സ്റ്റേറ്റ് ആരോഗ്യമന്ത്രി ഡോ. ഷാ അബ്ദുള്ള മാഹിർ, ഇന്ത്യയിലെ മാലദ്വീപ് അംബാസഡർ ഐഷാദ് മുഹമ്മദ് ദീദി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, നഗരസഭ കൗൺസിലർ എസ്.എസ്. സിന്ധു, ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ. നായർ, മാലദ്വീപിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ, ആർ. സി. സി. യിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.