നിരാശ്രയരായ വൃക്കരോഗികളെ സഹായിക്കാൻ ജില്ലാ പഞ്ചായത്ത് ഇതര തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതി ആദ്യഘട്ടം പിന്നിട്ടു. ധനസഹായം തുക വിതരണം ഒക്ടോബർ 10ന് ആരംഭിക്കും. ഒരു കോടി രൂപ ചെലവ് വരുന്ന ജീവനം പദ്ധതിക്കായി 50 ലക്ഷം രൂപയാണ് പൊതുജനങ്ങളുടെ സഹായത്തോടെ സമാഹരിച്ചത്.

ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപയും വകയിരുത്തി. ഡയാലിസിസ് ആവശ്യമായ ജില്ലയിൽ സ്ഥിരതാമസക്കാരായ രോഗികൾക്ക് അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 392 ഡയാലിസിസ് രോഗികളാണ് അപേക്ഷ നൽകിയിട്ടുള്ളത്. പദ്ധതി വഴി എല്ലാ മാസവും 3000 രൂപ വീതം രോഗികളുടെ അക്കൗണ്ടിൽ ലഭ്യമാക്കും.

അവയവങ്ങൾ മാറ്റിവെച്ചവർക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 25 ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. 144 പേരാണ് അപേക്ഷകർ. പഞ്ചായത്തുകളിലെ പെയിൻ ആൻഡ് പാലിയേറ്റീവ് മുഖേന അവർക്ക് മരുന്നുകൾ വാങ്ങി നൽകും.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഡയാലിസിസിന് വിധേയമാകുന്നവർക്ക് മരുന്ന് ലഭ്യമാക്കാൻ 25 ലക്ഷം രൂപയും പദ്ധതിയിലൂടെ നൽകിയിട്ടുണ്ട്. ജില്ലയിൽ എണ്ണൂറിലധികം വൃക്കരോഗികളാണ് വിവിധ ആശുപത്രികളിലായി ഡയാലിസിസ് നടത്തുന്നത്.

പഞ്ചായത്ത് അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഫണ്ട് പിരിച്ചെടുത്തത്. പദ്ധതിയിൽ അപേക്ഷ നൽകിയവരിൽ അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിച്ച് ജില്ലാ മെഡിക്കൽ ഓഫീസരെ വിവരമറിയിക്കണം.