തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദേശം നൽകി. ലാന്റ് റവന്യു കമ്മിഷണറേറ്റിൽ ഇലക്ഷൻ നോഡൽ ഓഫീസർമാരുടെയും സെക്ടറൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പോളിംഗ് ആവശ്യങ്ങൾക്കും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം.

പരസ്യ ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ടുള്ളതാകണം. പോളിംഗ് ദിവസം ഭക്ഷണവും വെള്ളവും കൊണ്ടുവരാൻ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുതെന്നും മാലിന്യം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി. ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, വോട്ടിംഗ് മെഷീനുകളുടെ വിതരണം, വാഹന സൗകര്യം എന്നിവ സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.