പത്തനംതിട്ട: ‘ഞാന്‍ ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശിയാണ് സര്‍ …കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച കഷ്ടപ്പാടാണ് എനിക്ക് ഇങ്ങനെയൊരു ചിന്ത തന്നത്. വൈദ്യുതിയുടേയും വെളിച്ചത്തിന്റേയും ആവശ്യകത എന്തെന്ന് മനസിലാക്കിത്തന്ന പ്രളയത്തിലാണ് സര്‍ എന്റെ മള്‍ട്ടി പര്‍പ്പസ് എമര്‍ജന്‍സി ലാമ്പിന്റെ തുടക്കം…’ ഇതു  പറഞ്ഞ് ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ തന്റെ എമര്‍ജന്‍സി ലാമ്പ് കാണിക്കുമ്പോള്‍ ആയുഷിന്റെ മുഖത്ത് അഭിമാനവും സന്തോഷവും നിറഞ്ഞിരുന്നു.

താന്‍ നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് എമര്‍ജന്‍സി ലാമ്പ് ജില്ലാ കളക്ടറെ കാണിക്കാനും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ചും കളക്ടറേറ്റില്‍ എത്തിയതായിരുന്നു ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളജ് ഓഫ് എഞ്ചിനീയറിംഗിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥി ആയുഷ്.

വൈദ്യുതി ആവശ്യം ഇല്ലാത്ത പൂര്‍ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്മാര്‍ട്  എമര്‍ജന്‍സി ലാന്‍ട്രന്‍ എന്നു പേരിട്ടിരിക്കുന്ന മള്‍ട്ടി പര്‍പ്പസ് എമര്‍ജന്‍സി ലാമ്പ്.
സൂര്യതാപം വേണ്ട സൂര്യപ്രകാശം മാത്രം മതി എമര്‍ജന്‍സി ലാമ്പ് ഫുള്‍ ചാര്‍ജാകുവാന്‍. ഒരു തവണ ചാര്‍ജായാല്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപയോഗിക്കുവാന്‍ സാധിക്കും.

അഞ്ച് വോള്‍ട്ടിന്റെ ഒരു ബള്‍ബും ഒരു  വോള്‍ട്ടിന്റെ ടോര്‍ച്ചുമാണ് ലാമ്പിലുള്ളത്. ടോര്‍ച്ച് മാത്രമായി ഉപയോഗിച്ചാല്‍ ഒരു ദിവസം മുഴുവനായും വെളിച്ചം തരുമെന്നും ആയുഷ് അവകാശപ്പെടുന്നു. ഇവയോടൊപ്പം രണ്ടു മൊബൈല്‍ഫോണുകള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൂടാതെ പെന്‍ഡ്രൈവ് കണക്റ്റ് ചെയ്തത് പാട്ടുകേള്‍ക്കാനുള്ള സൗകര്യവും എമര്‍ജന്‍സി ലാമ്പിലുണ്ട്.

കൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലാമ്പ് കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും. 360 ഡിഗ്രിയില്‍ ലാമ്പ് പ്രകാശം പരത്തും. ഇതിലെ 90 ശതമാനം എനര്‍ജിയും പ്രകാശമാകുമ്പോള്‍ 10 ശതമാനം  മാത്രമേ ഹീറ്റായി പോകുന്നുള്ളു എന്നും ആയുഷ് പറയുന്നു.

2500 നും 3000 നും ഇടയില്‍ വില വരത്തക്കവിധത്തിലാണ് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. illuminate anywhere.com എന്ന വെബ് സൈറ്റില്‍ എമര്‍ജന്‍സി ലാമ്പിനേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാണ്.

ഈ പ്രോജക്ട് വികസിപ്പിച്ച് ഒരു കമ്പനി തുടങ്ങുകയാണ് ആയുഷിന്റെ ലക്ഷ്യം. എമര്‍ജന്‍സി ലാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ കളക്ടര്‍ ആയുഷ് പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചാല്‍ ദുരന്തനിവാരണ വിഭാഗം വഴി ലൈറ്റുകള്‍ വാങ്ങാം എന്ന് ഉറപ്പും നല്‍കി. ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ആര്‍. ബീനാ റാണി,
പ്രൊവിഡന്‍സ് കോളജ് ഓഫ് എഞ്ചിനീയറിംഗ് അധ്യാപകന്‍ ജോബിന്‍ ജോയ്, വിദ്യാര്‍ഥികളായ മിഥുന്‍ വര്‍ഗീസ് രാജന്‍, സാല്‍വിന്‍ മാത്യു, ടിവിന്‍ സി റെജി, എസ് അതുല്യ എന്നിവര്‍ പങ്കെടുത്തു.