പാലക്കാട്: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പദ്ധതി രൂപരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നോഡല്‍ ഓഫീസര്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല എ.ഡി.എം ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരന്ത നിവാരണ പദ്ധതി രൂപരേഖ പുതുക്കുകയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയുമാണ് ശില്‍പശാലയുടെ ലക്ഷ്യമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു.

നോഡല്‍ ഓഫീസര്‍ന്മാരുടെ ഉത്തരവാദിത്വങ്ങള്‍, ചുമതലകള്‍, വകുപ്പുകള്‍ ആസൂത്രണം ചെയ്യുന്ന ദുരന്ത നിവാരണ പദ്ധതി രൂപരേഖ, വരും വര്‍ഷത്തിലേക്കുള്ള ദുരന്തനിവാരണ പദ്ധതി ആസൂത്രണം എന്നീ വിഷയങ്ങളില്‍ ഹസാര്‍ഡ് അനലിസ്റ്റ് ആഷാ കിരണ്‍, സൗമ്യ ജോണ്‍ എന്നിവര്‍ ക്ലാസെടുത്തു. ശില്‍പശാലയില്‍ ജൂനിയര്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍, റവന്യൂ വെര്‍ച്വല്‍ കോഡിനേറ്റര്‍ രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.